

മൂന്നാര്‍ മലനിരകളില്‍ ഒരിക്കല്‍ കൂടി നീലക്കുറിഞ്ഞി പൂവിട്ടു തുടങ്ങി. 2014ല്‍ പൂവിട്ട നീലക്കുറിഞ്ഞി ചെടികളുടെ വിത്താണ് ഇത്തവണ നീലവസന്തം തീര്‍ക്കുന്നത്. ഇത്തവണ നീലക്കുറിഞ്ഞി വിരിഞ്ഞു തുടങ്ങിയപ്പോള്‍, അവയുടെ സംരക്ഷണത്തിനായി പോരാടിയ രണ്ടു പേര്‍ അതു കാണാനില്ല-പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറും കുറിഞ്ഞിക്കൊപ്പം ജീവിതകാലം മുഴുവന്‍ സഞ്ചരിച്ച ജി രാജ്കുമാറും. കുറിഞ്ഞിപ്പൂക്കള്‍ എന്ന കവിതയിലൂടെ ടീച്ചര്‍ പറഞ്ഞ കടല്‍ പോലെ നീലക്കുറിഞ്ഞി പൂക്കുന്ന ഇടം ഇന്നില്ല എന്ന യാഥാര്‍ഥ്യവും നമുക്കൊപ്പമുണ്ട്. ഓരോ പൂക്കാലം കഴിയുമ്പോഴും കുറിഞ്ഞിയുടെ വിസ്തൃതി കുറയുകയാണ്. ഒപ്പം പുല്‍മേടുകളും ഇല്ലാതാകുന്നു. മൂന്നാര്‍ മലനിരകളില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന കുറിഞ്ഞികള്‍ രണ്ട് മേഖലയിലുണ്ട്. 2018ല്‍ അവസാനമായി പൂവിട്ട കുറിഞ്ഞികള്‍ ഇനി 2030ല്‍ പൂക്കാലം തീര്‍ക്കും. ഇരവികുളം ദേശിയ ഉദ്യാനം, കുറിഞ്ഞി സങ്കേതം, അഞ്ചുനാട് മേഖല എന്നിവിടങ്ങളിലാണ് 2030ല്‍ കുറിഞ്ഞി വിരിയുക.
മറ്റനേകം കാട്ടുപൂക്കള്‍ക്കൊപ്പം നീലക്കുറിഞ്ഞിയും വളരുകയും പൂവിടുകയും ചെയ്തിരുന്നുവെങ്കിലും മൂന്നാറുകാര്‍ അത് കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നതാണ് സത്യം. എത്ര വര്‍ഷത്തെ ഇടവേളയില്‍ ഏതൊക്കെ കുറിഞ്ഞികള്‍ പൂക്കുന്നുവെന്ന് പോലും അടയാളപ്പെടുത്തിയില്ല. ആദിവാസി സമൂഹമായ മുതുവാ സമുദായം മാത്രമാണ് കുറിഞ്ഞിക്കാലം ഓര്‍ത്തിരുന്നത്. അവര്‍ ആചാരപൂര്‍വ്വം ഓരോ കുറിഞ്ഞിപ്പൂക്കാലത്തെയും വരവേറ്റു. അവര്‍ പ്രത്യേക പൂജകള്‍ നടത്തി. വട്ടവടയിലെ തമിഴ് ജനതയും കുറിഞ്ഞിപ്പൂക്കാലത്ത് പ്രത്യേക പൂജകള്‍ നടത്താറുണ്ട്. ആനമുടിയുടെ താഴ്വരയിലാണ് കുറിഞ്ഞി വളരുന്നതും പൂവിടുന്നതും. ആ കുറിഞ്ഞികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇറങ്ങി പുറപ്പെട്ടത് തിരുവനന്തപുരം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥനായ ജി രാജ്കുമാറും. 1982ലെ കുറിഞ്ഞി പൂക്കാലത്താണ്, അന്ന് ബസ് സൗകര്യമൊന്നും ഇല്ലാതിരുന്ന വട്ടവടയിലെ കുറിഞ്ഞി തേടി രാജ്കുമാര്‍ എത്തിയത്. അദ്ദേഹം വട്ടവടയില്‍ നിന്നും കൊഡൈക്കനാലിലേക്ക് നടന്നു. ഈ വഴിക്കാണ് ധാരാളം കുറിഞ്ഞി ഉള്ളത്. തിരുവനന്തപുരത്ത് എത്തി സുഗതകുമാരി ടീച്ചറോട് നീലക്കുറിഞ്ഞിയെ കുറിച്ച് പറഞ്ഞു. അങ്ങനെയാണ് കാണാത്ത കുറിഞ്ഞിയെ കുറിച്ച് 'കുറിഞ്ഞിപ്പൂക്കള്‍' എന്ന പേരില്‍ ടീച്ചര്‍ കവിത എഴുതിയത്. 2006ലാണ് നീലക്കുറിഞ്ഞി പൂക്കള്‍ കാണാന്‍ ടീച്ചര്‍ ഇരവികുളത്ത് എത്തിയത്. വട്ടവടയിലെ കുറിഞ്ഞിക്കാടുകള്‍ സംരക്ഷണ കേന്ദ്രമാക്കുന്നതിനുള്ള പോരാട്ടത്തില്‍ ടീച്ചറുണ്ടായിരുന്നു. 2006ലെ കുറിഞ്ഞി സീസണിലാണ് കുറിഞ്ഞി സങ്കേതം നിലവില്‍ വന്നത്. എങ്കിലും അതിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായിട്ടില്ല. പട്ടയ ഭൂമി സങ്കേതത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കിയിട്ടില്ല. കുറിഞ്ഞിക്കൊപ്പം സഞ്ചരിച്ച ടീച്ചറും രാജ്കുമാറും കുറിഞ്ഞി പൂവ് കാണാനില്ല. ടീച്ചര്‍ 2020 ഡിസംബര്‍ 23ന് വിടപറഞ്ഞു. അവസാന ശ്വാസം വരെ കുറിഞ്ഞിയെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്ത രാജ്കുമാര്‍ 2026 ജനുവരി 14നും വിടപറഞ്ഞു.
1982 മുതലുള്ള എല്ലാ പൂക്കാലങ്ങളിലും കുറിഞ്ഞിപ്പൂക്കള്‍ തേടി രാജ്കുമാറും സംഘവും മലകയറിയിരുന്നു. 1990ലെ കുറിഞ്ഞിപ്പൂക്കാലത്തിന് മുന്നോടിയായി 1989ല്‍ കൊഡൈക്കനാലില്‍ നിന്നും മൂന്നാറിലേക്ക് ബോധവല്‍ക്കരണ പദയാത്ര നടത്തി. പിന്നിട് ഓരോ കുറിഞ്ഞിപ്പൂക്കാലത്തും പദയാത്ര സംഘടിപ്പിച്ചു. ആദ്യ കുറിഞ്ഞി യാത്രയിലുണ്ടായിരുന്നവര്‍ 2014ലെ കുറിഞ്ഞി പൂക്കാലത്ത് മൂന്നാറില്‍ കുറിഞ്ഞിപ്പൂക്കള്‍ക്കൊപ്പം ഒരു പകല്‍ ചിലവഴിച്ചു. അന്ന് വനം മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് സന്ദേശം നല്‍കിയിരുന്നു. 2018ല്‍ പ്രളയമായിരുന്നു തടസം.
1990ലെ കുറിഞ്ഞിപ്പൂക്കാലം മുതലാണ് കുറിഞ്ഞിയെ തേടി സഞ്ചാരികള്‍ എത്തിത്തുടങ്ങിയത്. കുറിഞ്ഞിക്ക് വാര്‍ത്താ പ്രാധാന്യം ലഭിച്ചതും ആ വര്‍ഷമായിരുന്നു. കുറിഞ്ഞി കാണാന്‍ എത്തിയവരെ ഉള്‍ക്കൊള്ളാനാകാതെ മൂന്നാര്‍ വീര്‍പ്പുമുട്ടി. കുറിഞ്ഞി കണ്ട് മടങ്ങിയവര്‍ ചെടികളുമായാണ് അന്ന് പോയത്. അന്നത്തെ കുറിഞ്ഞി ടൂറിസം മൂന്നാറിലെ കുറിഞ്ഞിയുടെ നാശത്തിനും വഴിയൊരുക്കി. 1990ല്‍ കുറിഞ്ഞി പൂവിട്ട റവന്യു ഭൂമിയില്‍ പിന്നിട് കണ്ടത് റിസോര്‍ട്ടുകളാണ്. ഓരോ വര്‍ഷവും പിന്നിടുമ്പോള്‍ കുറിഞ്ഞിയും പുല്‍മേടും ഇല്ലാതായി. കുറിഞ്ഞി വിത്തുകള്‍ മണ്ണില്‍ വീണാല്‍ അടുത്ത മഴക്കാലത്ത് ഉയര്‍ത്തെഴുന്നല്‍ക്കുമെന്ന തിരിച്ചറിവാകണം, പലയിടത്തും കുറിഞ്ഞി ചെടികള്‍ കത്തിച്ചു കളയുകയായിരുന്നു. കണ്ണന്‍ ദേവന്‍ കമ്പനിയുടെ നിയന്ത്രണത്തിലുള്ള മലകളിലും വനത്തിന്റെ ഭാഗമായ പുല്‍മേടുകളിലും മാത്രമാണ് കുറിഞ്ഞി അവശേഷിക്കുന്നത്. മൂന്നാര്‍ മേഖലയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ മലനിരയായ ചൊക്രമുടിയില്‍ ധാരാളം കുറിഞ്ഞി ഉണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി വലിയതോതില്‍ കയ്യേറ്റം നടന്നതോടെ, കുറിഞ്ഞി ചെടികളാണോ റിസോര്‍ട്ടുകളാണോ കൂടുതല്‍ എന്ന കാര്യത്തിലാണ് സംശയം. എങ്കിലും അവശേഷിക്കുന്ന കുറിഞ്ഞി ഇതിനാേടകം വിരിഞ്ഞിട്ടുണ്ട്.
2018ലെ കുറിഞ്ഞിപ്പൂക്കാലത്തെ പ്രളയം ബാധിച്ചതിനാല്‍, വലിയതോതില്‍ സഞ്ചാരികള്‍ എത്തിയിരുന്നില്ല. ഇത്തവണ കേരളത്തിനകത്തും പുറത്തും നിന്നുള്ള സഞ്ചാരികളെ കൊണ്ടു വരാന്‍ നൂറുകണക്കിന് ടൂറിസം ഓപ്പറേറ്റര്‍മാര്‍ തന്നെ സജീവമാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന മംഗളാദേവിക്ഷേത്രത്തിലേക്ക് പതിനായിരങ്ങള്‍ എത്തിയതും ഓര്‍ക്കേണ്ടതുണ്ട്. ഇത് തിരിച്ചറിഞ്ഞ ഇടുക്കി ജില്ലാ ഭരണകൂടം ഇത്തവണ വിപുലമായ ഒരുക്കള്‍ നടത്തിവരുന്നു. മുമ്പ് ഒരു കുറിഞ്ഞിപ്പൂക്കാലത്തും ഇല്ലാത്ത തരത്തിലാണ് മുന്നൊരുക്കം. ദേവികുളം സബ് കലക്ടര്‍ വി എം ആര്യയുടെ നേതൃത്വത്തില്‍ വനം-റവന്യു-ടൂറിസം ഉദ്യോഗസ്ഥരും കെഡിഎച്ച്പി, പരിസ്ഥിതി പ്രതിനിധികളും അടങ്ങുന്ന സംഘം ആഴ്ചയിലൊന്ന തരത്തില്‍ യോഗം ചേരുന്നു. വിനോദ സഞ്ചാരികള്‍ക്ക് തടസമില്ലാതെ കുറിഞ്ഞിപ്പൂക്കള്‍ കാണുന്നതിനുള്ള സ്ഥലങ്ങള്‍ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. അടുത്ത ദിവസം ഇതിനുള്ള ആപ്പ് തയ്യറാകും. ആപ്പിലുടെയായിരുന്നു സന്ദര്‍ശന സമയവും വാഹന പാര്‍ക്കിങ്ങും അടക്കമുള്ള നിര്‍ദേശങ്ങള്‍. ഇതോടൊപ്പം അവശേഷിക്കുന്ന കുറിഞ്ഞി സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. സേവ് കുറിഞ്ഞി കാമ്പയില്‍ കൗണ്‍സിലും മൂന്നാര്‍ എന്‍വൈണ്‍മെന്റ് ആന്‍ഡ്് വൈല്‍ഡ ലൈഫ് സൊ്ൈസറ്റിയും ചേര്‍ന്നു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സബ് കലക്ടറും വനം വകുപ്പും ആദിവാസ സംഘടനകളും പൂര്‍ണ്ണ സഹകരണം ഉറപ്പ് നല്‍കുന്നു. മാനേജിങ് ഡയറ്കടര്‍ രാജൂ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ കെഎഫ്ഡിസിയും ഒപ്പമുണ്ട്.
1972ലെ വന്യ ജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യുല്‍ മൂന്നില്‍ കുറിഞ്ഞി ചെടികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കുറിഞ്ഞി ചെടിയോ പൂവോ നശിപ്പിച്ചാല്‍ 25000 രൂപ പിഴയും മൂന്ന് മാസ തടവുമാണ് ശിക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates