ജമാഅത്തെ ഇസ്ലാമിയെ തോൽപ്പിച്ച സ്ത്രീകൾ, ബംഗ്ലാദേശിലെ ബിഎൻപിയുടെ വിജയത്തിന് പിന്നിലെ സ്ത്രീശക്തി
ദേശീയതലത്തിലെ വിശേഷ ദിവസങ്ങളിൽ ബംഗ്ലാദേശിലെ സ്ത്രീകൾ വ്യത്യസ്തവും പ്രത്യക നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുന്നു.
പുതുവത്സരദിനമായ (പൊയില ബൈസാഖ്) ഏപ്രിൽ 15 ന് ആഘോഷത്തിന്റെ ഭാഗമായി ലാൽ പാർ ഷാദ സാരി - ചുവന്ന ബോർഡറുള്ള വെള്ള സാരി- ധരിക്കുന്നു. 1971 ൽ ധാക്കയിൽ പാകിസ്ഥാൻ സൈന്യം കീഴടങ്ങിയതിന്റെ അടയാളമായി, ഡിസംബർ 16 ന് വിജയദിവസത്തിൽ (ബിജോയ് ദിബസ്), അത് പച്ചയായി മാറുന്നു.
ഫെബ്രുവരി 21 ന്, ബംഗാളിക്കും ഉറുദുവിനും ദേശീയ ഭാഷാ പദവി ആവശ്യപ്പെട്ടതിന്റെ പേരിൽ 1952 ൽ ധാക്കയിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി കറുപ്പ് ധരിക്കുന്നു.
ഇന്നും അതിന്റേതായ ഒരു പ്രത്യേക നിറമുണ്ട്: വിവിധ നിറങ്ങളിലുള്ള തിളക്കമുള്ള മഞ്ഞ. ബംഗ്ലാദേശിലുടനീളം, സൺഷൈൻ സാരികൾ ധരിച്ച്, അവരുടെ മുടിയിൽ പൂക്കൾ ചൂടിയ സ്ത്രീകൾ, വസന്തത്തിന്റെ വരവിനെ സൂചിപ്പിക്കുന്ന വസന്തോത്സവം (ബസന്ത ഉത്സവ്) ആഘോഷിക്കുകയാണ്. ഏറ്റവും പുതിയ തെരഞ്ഞെടുപ്പിലെ വിധിയും ബംഗ്ലാദേശിലെ സ്ത്രീകൾ ആഘോഷിക്കുന്നു. ബിഎൻപി 212 സീറ്റുകളുമായി വൻ വിജയം നേടിയതും ജമാഅത്തെ ഇസ്ലാമി 77 സീറ്റുകളിൽ ഒതുങ്ങിയതും ബംഗ്ലാദേശിലെ സ്ത്രീകൾക്ക് വലിയ ആശ്വാസമാണ് പകർന്നു നൽകിയിട്ടുള്ളത്.
"പരമ്പരാഗതമായി ഞാൻ ഒരു അവാമി ലീഗ് വോട്ടറാണെങ്കിലും, ഇത്തവണ ഞാൻ ബിഎൻപിക്ക് വോട്ട് ചെയ്തു," ധാക്കയിലെ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന, സമ്പന്നർ താമസിക്കുന്ന മേഖലയിൽ നിന്നുള്ള 42 വയസ്സുള്ള ഒരു സ്ത്രീ പറഞ്ഞു. "ജമാഅത്തിനെ പുറത്തു നിർത്താൻ എന്തും ചെയ്യും. അവർ കാരണം ഞാൻ എന്റെ ട്രാക്ക് സ്യൂട്ടുകളും സ്ലീവ്‌ലെസ് ബ്ലൗസുകളും പായ്ക്ക് ചെയ്തിരുന്നു. ഇപ്പോൾ എനിക്ക് അവ വീണ്ടും ഉപയോഗിക്കാം. ഇത് നിസ്സാര കാര്യമല്ല. ജമാഅത്ത് സ്ത്രീകളുടെ മേൽ ഭയത്തിന്റെ നിഴൽ വീഴ്ത്തിയിരുന്നു."
വാഗ്ദാനവും യാഥാർത്ഥ്യവും
പരമ്പരാഗത വസ്ത്രത്തിന് പകരം ട്രൗസറുകൾ ധരിച്ച് പുറത്തിറങ്ങിയ സാധാരണ സ്ത്രീകളെ അവരുടെ വസ്ത്രധാരണത്തിന്റെ പേരിൽ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തു. പലപ്പോഴും, പരിഹസിക്കുന്നവർ ജമാഅത്തിന്റെ പിന്തുണക്കാരായ സ്ത്രീകളായിരുന്നു. ജമാഅത്തിന്റെ പ്രകടനപത്രികയിൽ ഗർഭകാലതത്ത് സ്ത്രീകൾ എട്ട് മണിക്കൂറിന് പകരം അഞ്ച് മണിക്കൂർ ജോലി ചെയ്യണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചപ്പോൾ ദിവസ വേതനക്കാരും ആശങ്കാകുലരായി. മണിക്കൂറിന് ശമ്പളം ലഭിക്കുന്ന സ്ത്രീകൾക്ക്, കുറഞ്ഞ മണിക്കൂർ ജോലി എന്നാൽ കുറഞ്ഞ വേതനം എന്നാണ് അർത്ഥം.
അധികാരത്തിലെത്തിയാൽ മന്ത്രിസഭയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്ന് ജമാഅത്ത് അവരുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തു. വിരോധാഭാസമെന്നു പറയട്ടെ, ജമാഅത്ത് ഒരു വനിതാ സ്ഥാനാർത്ഥിയെ പോലും നിർത്തിയില്ല, ബംഗ്ലാദേശിൽ ആ ബഹുമതി നേടിയ ഒരേയൊരു രാഷ്ട്രീയ പാർട്ടിയായിരിക്കാം ജമാ അത്ത്.
ബംഗ്ലാദേശ് അതിന്റെ രാഷ്ട്രീയ ചരിത്രത്തിൽ രണ്ട് ശക്തരായ വനിതാ പ്രധാനമന്ത്രിമാരെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യവും പങ്കാളിത്തവും കുറവാണ്.
ബംഗ്ലാദേശിലെ 12.7 കോടി വോട്ടർമാരിൽ പകുതിയോളം സ്ത്രീകളാണ്, സ്ത്രീകളേക്കാൾ വെറും 20 ലക്ഷം പുരുഷവോട്ടർമാർ മാത്രമാണ് കൂടുതൽ.എന്നിട്ടും ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ത്രീകളുടെ എണ്ണം തുലോം തുച്ഛമായിരുന്നു. ആകെ മത്സരിച്ച 2034 ൽ അധികം സ്ഥാനാർത്ഥികളിൽ വെറും 85 പേർ മാത്രമായിരുന്നു സ്ത്രീകൾ. വിജയിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നതായിരുന്നു. ആകെ ഏഴ് പേർ. വിജയിച്ചവരിൽ ആറ് പേർ ബിഎൻപിയിൽ നിന്നുള്ളവരാണ്. ഏഴാമത്തേത് നേരത്തെ ബിഎൻപിയിൽ ഉണ്ടായിരുന്ന സ്ത്രീയാണ്. ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് അവർ സ്വതന്ത്രയായി മത്സരിച്ച് ജയിക്കുകയായിരുന്നു.
സ്ത്രീകളുടെ പോളിങ് ശതമാനത്തെയും വോട്ടിങ് രീതിയെയും കുറിച്ചുള്ള വിശദവും കൃത്യവുമായ ഡേറ്റ ലഭ്യമായിട്ടില്ല, പക്ഷേ ഫെബ്രുവരി 12 ന് പോളിങ് സ്റ്റേഷനുകളിൽ സ്ത്രീകളുടെ ക്യൂ വളരെ വലുതായിരുന്നു, ജമാഅത്തെ ഇസ്ലാമിയെ 77 സീറ്റുകളിൽ ഒതുക്കുന്നതിൽ സ്ത്രീകൾ ഒരു പ്രധാന പങ്ക് വഹിച്ചിരിക്കാം എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
രാഷ്ട്രീയം മാറിയില്ല, വോട്ട് മാറി
സ്ത്രീ വോട്ടുകൾക്ക് പുറമേ, ബിഎൻപിയുടെ മികച്ച പ്രകടനത്തിന് മറ്റൊരു കാരണം ഉറച്ച അവാമി ലീഗ് വോട്ടർമാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ രഹസ്യ വോട്ടായിരിക്കാം, അവർ ബിഎൻപിക്ക് വോട്ട് ചെയ്തത് - അവർ രാഷ്ട്രീയമായ വിശ്വസ്തത മാറ്റിയതുകൊണ്ടല്ല, മറിച്ച് ജമാഅത്തിനെ അധികാരത്തിന് പുറത്തു നിർത്താൻ വേണ്ടിയായിരുന്നു.
സ്വയം വെളിപ്പെടുത്തി സംസാരിക്കാൻ(ഓൺറെക്കോർഡ്) ആരും തയ്യാറായിരുന്നില്ല. എന്നാൽ പരമ്പരാഗതമായി അവാമി ലീഗിനെ അനുകൂലിക്കുന്ന കുടുംബത്തിൽ നിന്നുള്ള 37 വയസ്സുള്ള ധാക്ക നിവാസിയായ ഒരു പുരുഷൻ, തന്റെ നിരവധി പിതൃ സഹോദരിമാരും, മാതൃസഹോദരഭാര്യമാരും (ഫ്യൂഫികളും മാമികളും) ബന്ധുക്കളായ മറ്റ് നിരവധി സ്ത്രീകളും ബിഎൻപിക്ക് വോട്ട് ചെയ്തപ്പോൾ താൻ സ്തബ്ധനായിപ്പോയി എന്ന് പറഞ്ഞു.
"ഞാൻ വോട്ട് ചെയ്യാൻ പോയില്ല. പക്ഷേ എന്റെ ബന്ധുക്കളായ സ്ത്രീകൾ, ബിഎൻപിക്ക് വോട്ട് ചെയ്യാൻ ഉറച്ച തീരുമാനമെടുത്തു, . തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്നാൽ അത് ജമാഅത്തിനെ അധികാരത്തിൽ വരാൻ സഹായിക്കുന്നതായാൽ അത് ഒരു അപമാനം ആകുമെന്നായിരുന്നു അവരുടെ അഭിപ്രായം," അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ ഫ്ലോട്ടിങ് വോട്ടർമാരിൽ നിന്നും ബിഎൻപിക്ക് നേട്ടമുണ്ടായിരിക്കാം, ഇത് ഏകദേശം 15 ശതമാനം വോട്ടുകളാണ്. ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യയശാസ്ത്രപരമായി പ്രതിജ്ഞാബദ്ധതയില്ലാത്തതിനാൽ, അവാമി ലീഗ് ഓപ്ഷൻ അല്ലാത്തതിനാൽ അവർ ഇത്തവണ ബിഎൻപിയെ തെരഞ്ഞെടുത്തു. അവാമി ലീഗ് എന്ന "അറിയാവുന്ന അപകടത്തെ" ഒഴിവാക്കാൻ വോട്ട് പാഴാക്കാൻ ആഗ്രഹിക്കാത്തവർ ബിഎൻപിയെ തെരഞ്ഞെടുത്തു.
ഭയത്തിനെതിരായ വോട്ട്
ധാക്കയിലെ ജനപ്രിയ ഇംഗ്ലീഷ് പത്രമായ ഡെയ്‌ലി സ്റ്റാർ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പ്രശസ്ത നടിയും നർത്തകിയും പത്രപ്രവർത്തകയുമായ നസീബ ബഷറിൽ നിന്നുള്ള ഒരു "സന്ദേശം" പ്രസിദ്ധീകരിച്ചു. അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് ഒരു വനിതാ വോട്ടറിൽ നിന്നുള്ള - ഹൃദയസ്പൃക്കും എന്നാൽ ഉറച്ചതുമായ - സന്ദേശമായിരുന്നു അത്.
ഒരു വശത്ത് സ്ത്രീകളുടെ ഇടം ചുരുങ്ങിപ്പോകുന്ന, അവരുടെ പൊതുജീവിതം നിബന്ധനാപൂർവ്വം,നിയന്ത്രിതമായി മാത്രം അനുവദിക്കപ്പെടുന്ന ഭാവിയെ തുറന്നു സങ്കൽപ്പിക്കുന്ന രാഷ്ട്രീയം.മറ്റൊരു വശത്ത്,ഭീഷണിയും പീഡനവും കവർച്ചയും നിറഞ്ഞ ഭൂതകാലവുമായി ഇഴചേർന്ന്. കായിക ശക്തിയുടെയും തെരുവ് അധികാരത്തിന്റെയും ഗന്ധം വഹിക്കുന്ന ചരിത്രമുള്ള ഒരു പാർട്ടിയാണ് നിന്നിരുന്നത്.
"ഞങ്ങളിൽ പലരും പ്രത്യയശാസ്ത്രത്തേക്കാൾ ഭയത്തിനെതിരെയാണ് വോട്ട് ചെയ്തത്. ദൈവശാസ്ത്ര കമ്മിറ്റികളിൽ ഞങ്ങളുടെ ജീവിതം നിശ്ചയിക്കപ്പെടുന്നത് തടയാൻ ഞങ്ങൾ വോട്ട് ചെയ്തു. ഞങ്ങളുടെ അഭിലാഷങ്ങൾക്ക് അനുമതി കടലാസുകൾ ആവശ്യമില്ലാതിരിക്കാൻ വേണ്ടിയാണ് ഞങ്ങൾ വോട്ട് ചെയ്തത്."
"നിരുപാധികമായ ഒരു ജനഹിതം നിങ്ങൾക്ക് നൽകിയിട്ടില്ല. ഒരു പ്രൊബേഷണറി കരാറാണ് നിങ്ങൾക്ക് നൽകിയത്. ആ കരാറിൽ സ്ത്രീകൾക്ക് കേന്ദ്രസ്ഥാനമുണ്ട്." അവർ എഴുതി.
ബംഗ്ലാദേശിലെ സ്ത്രീകൾ പുതിയ സർക്കാരിനോട് പറയുന്ന അവരുടെ ഉള്ളിലെ വാക്കുകളാണിത്.
Women voters played a decisive role in BNP’s victory in Bangladesh, sidelining Jamaat-e-Islami and Awami League, writes Monideepa Banerjee.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

