ലക്ഷങ്ങള്‍ പലായനം ചെയ്തിട്ടും മിണ്ടാതെ വന്‍ ശക്തികള്‍; റൊഹിങ്ക്യകള്‍ക്കായി സമ്മര്‍ദം ശക്തമാക്കി മുസ്ലിം രാഷ്ട്രങ്ങള്‍

അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഇടപെടല്‍ നടത്താന്‍ ബംഗ്ലാദേശ്, ഇന്‍ഡോനേഷ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്യൂകിയോട് ആവശ്യപ്പെട്ടു
ലക്ഷങ്ങള്‍ പലായനം ചെയ്തിട്ടും മിണ്ടാതെ വന്‍ ശക്തികള്‍; റൊഹിങ്ക്യകള്‍ക്കായി സമ്മര്‍ദം ശക്തമാക്കി മുസ്ലിം രാഷ്ട്രങ്ങള്‍

ധാക്ക: റോഹിങ്ക്യ മുസ്ലിംകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കാന്‍ മ്യാന്‍മര്‍
ഭരണാധികാരി ഓങ് സാന്‍ സ്യൂകിക്കു മേല്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ സമ്മര്‍ദം. അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഇടപെടല്‍ നടത്താന്‍ ബംഗ്ലാദേശ്, ഇന്‍ഡോനേഷ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്യൂകിയോട് ആവശ്യപ്പെട്ടു. അതേസമയം അക്രമം ഭയന്ന് നാടുവിട്ടവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞിട്ടും വന്‍ ശക്തികള്‍ മൗനം തുടര്‍ന്നു.

രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇന്‍ഡോനേഷ്യന്‍ വിദേശകാര്യമന്ത്രി റെത്‌നൊ മര്‍സൂദി സ്യൂകിയെയും മ്യാന്‍മര്‍ സൈനിക മേധാവി മിന്‍ഓങ് ഹ്ലൈയിങ്‌നെയും സന്ദര്‍ശിച്ചു. റൊഹിങ്ക്യകള്‍ക്കെതിരായ എല്ലാവിധ നടപടികളും സൈന്യം എത്രയും വേഗം നിര്‍ത്തിവയ്ക്കണമെന്ന് ഇന്‍ഡോനേഷ്യന്‍ മന്ത്രി അഭ്യര്‍ഥിച്ചു. അവര്‍ക്ക് മാനുഷിക സഹായം എത്തിക്കുകയാണ് സൈന്യം ചെയ്യേണ്ടതെന്ന് റെത്‌നൊ അഭിപ്രായപ്പെട്ടു. 

റൊഹിങ്ക്യ മുസ്ലിംകള്‍ക്കായുള്ള ഇന്‍ഡോനേഷ്യയുടെ ഇടപെടലില്‍ ആസിയാന്‍ രാജ്യങ്ങള്‍ ഭാഗഭാക്കാകുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് എച്ച് ടി ഇമാം വ്യക്തമാക്കി. ആസിയാന്റെയും ഇന്ത്യയുടെയും ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായാല്‍ അതു ഫലം ചെയ്യുമെന്ന് ഇമാം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച മ്യാന്‍മറിലുണ്ട്. ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ഇതിനകം തന്നെ കാര്യങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇമാം അറിയിച്ചു. 

റോഹിങ്ക്യ മുസ്ലിംകള്‍ക്കെതിരായ അക്രമങ്ങളില്‍ പാകിസ്ഥാന് അതിയായ ആശങ്കയുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. നിഷ്‌കളങ്കരും നിരായുധരുമായ റൊഹിങ്ക്യകള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാന്‍ ഇസ്ലാമിക സഹകരണ സംഘടന രംഗത്തുവരണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. റൊഹിങ്ക്യ മുസ്ലിംകള്‍ക്കെതിരായ അതിക്രമത്തിനെതിരെ സ്യൂകിയുടെ പ്രതികരണത്തിനായി ലോകം കാത്തിരിക്കുകയാണെന്ന് നൊബേല്‍ സമാധാന ജേതാവ് മലാല യുസുഫ്‌സായി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിന് മ്യാന്‍മറിലെ രഖിനെ പ്രവിശ്യയില്‍ റൊഹിങ്ക്യ തീവ്രവാദികള്‍ പൊലീസ് പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് തീവ്രവാദികളും അല്ലാത്തവരുമായ റൊഹിങ്ക്യകള്‍ക്കെതിരെ സൈന്യം വിവേചന രഹിതമായ ആക്രമണം നടത്തി. സൈനിക നടപടിയില്‍ ഇതുവരെ 400 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഒരു ലക്ഷത്തിലേറെപ്പേര്‍ ബംഗ്ലാദേശിലേക്കു കൂട്ടപ്പലായനം നടത്തി. തീവ്രവാദികള്‍ക്കെതിരെ 'ഫലപ്രദമായ' മുന്നേറ്റമാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് മ്യാന്‍മറിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com