ഇന്ത്യക്ക് നയതന്ത്ര നേട്ടം; മസൂദ് അസ്ഹറിനെ ആ​ഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചു

ചൈന എതിർപ്പ് പിൻവലിച്ചതോടെയാണ് യുഎൻ പ്രഖ്യാപനം
ഇന്ത്യക്ക് നയതന്ത്ര നേട്ടം; മസൂദ് അസ്ഹറിനെ ആ​ഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആ​ഗോള ഭീകരനായി യുഎൻ രക്ഷാസമിതി പ്രഖ്യാപിച്ചു. ചൈന എതിർപ്പ് പിൻവലിച്ചതോടെയാണ് യുഎൻ പ്രഖ്യാപനം. ഇന്ത്യ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യം ചൈനയുടെ എതിർപ്പിനെ തുടർന്ന് പരാജയപ്പെടുകയായിരുന്നു ഇതുവരെ.

ഇന്ന് ചേർന്ന യുഎന്നിന്റെ പ്രത്യേക സമിതിയുടെ ​യോ​ഗത്തിലാണ് മസൂദ് അസ്ഹറിനെ ആ​ഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കിയത്. രാജ്യാന്തര തലത്തിലും നയതന്ത്ര തലത്തിലും ഇന്ത്യയുടെ വലിയ വിജയമാണിത്. പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് യുഎൻ തീരുമാനം. മസൂ​ദ് അസ്ഹറിനെ ആ​ഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യ നിരന്തരം ആവശ്യപ്പെടുകയാണ്. ചർച്ചയ്ക്ക് വന്നപ്പോൾ നാല് തവണയും ചൈന എതിർക്കുകയായിരുന്നു. 

ആ​ഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസ്ഹറിനെ സംരക്ഷിക്കാൻ ഇനി പാക്കിസ്ഥാന് സാധിക്കില്ല. അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പാക്കിസ്ഥാന് നീങ്ങേണ്ടി വരും.

കഴിഞ്ഞ ആഴ്ച വിദേശകാര്യ സെക്രട്ടറി ചൈന സന്ദർശിച്ച് മസൂദ് അസ്ഹറിനെ സംബന്ധിച്ച തെളിവുകൾ ചൈനയ്ക്ക് കൈമാറിയിരുന്നു. ഇതും നിലപാട് മാറ്റത്തിൽ നിർണായകമായി. പ്രശ്നം ശരിയായ മാര്‍ഗത്തിലൂടെ പരിഹരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ ചൈനീസ് വിദേശ കാര്യ വക്താവ് ​ഗെങ് ഷുവാങ് ബെയ്ജിങില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന ന‌ിലപാട് മാറ്റിയത്. 

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്‍റെ പ്രത്യേക സമിതി മുമ്പാകെ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍, വിഷയം തത്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായില്ല. 

ഇതിനെതിരെ അമേരിക്കയും ഇം​ഗ്ലണ്ടും ഫ്രാൻസും സമ്മർദം കടുപ്പിച്ചതോടെയാണ് ചൈനക്ക് നിലപാട് മാറ്റേണ്ടി വന്നത്. രക്ഷാ സമിതിയിൽ വിഷയം ഉന്നയിക്കാൻ അമേരിക്കയും ഇം​ഗ്ലണ്ടും ഫ്രാൻസും തീരുമാനിച്ചതോടെയാണ് ചൈനയുടെ നിലപാട് മാറ്റം. രക്ഷാ സമിതിയിൽ ചർച്ചയ്ക്ക് വന്നാൽ ചൈനയ്ക്ക് ഇക്കാര്യത്തിലെ നിലപാട് പരസ്യമാക്കേണ്ടി വരും. രാജ്യാന്തര തലത്തിലും വ്യാപര തലത്തിലും ചൈനക്ക് കനത്ത തിരിച്ചടി നേടിടേണ്ടി വരുമെന്ന തിരിച്ചറിവാണ് അവരെ അനുകൂല നിലപാടെടുക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com