ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഒമൈക്രോണ്‍ പടരുന്നു; സ്‌പെയിനിലും രോഗബാധ കണ്ടെത്തി; കൂടുതല്‍ രോഗികള്‍ ദക്ഷിണാഫ്രിക്കയില്‍; അതിര്‍ത്തിയടച്ച് രാജ്യങ്ങള്‍

പോര്‍ച്ചുഗലില്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ 13 പേര്‍ക്കും സ്‌കോട്‌ലന്‍ഡില്‍ വിദേശയാത്ര നടത്തിയിട്ടില്ലാത്ത 6 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

ലണ്ടന്‍: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ആശങ്ക വിതച്ച് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഏറ്റവുമൊടുവിലായി സ്‌പെയിനിലും ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നും മാഡ്രിഡിലെത്തിയ 51 കാരനാണ് ഒമൈക്രോണ്‍ ബാധിച്ചതായി സ്ഥിരീകരിച്ചത്. രോഗബാധിതന് നിലവില്‍ ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്നും, ക്വാറന്റീനിലേക്ക് മാറ്റിയതായും സ്പാനിഷ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.  

നിലവില്‍ 16 ഓളം രാജ്യങ്ങളിലായി 185 ഓളം ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. 110 പേര്‍. ബ്രിട്ടനില്‍ ഒമ്പതുപേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ജര്‍മ്മനി, ഹോങ്കോങ് എന്നിവിടങ്ങളില്‍ മൂന്നു പേര്‍ക്ക് വീതവും പോര്‍ച്ചുഗലില്‍ 13 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്സ്വാനയില്‍ 19 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 

അതിര്‍ത്തി അടച്ചു

പോര്‍ച്ചുഗലില്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ 13 പേര്‍ക്കും സ്‌കോട്‌ലന്‍ഡില്‍ വിദേശയാത്ര നടത്തിയിട്ടില്ലാത്ത 6 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇസ്രയേലിനു പിന്നാലെ ജപ്പാനും മൊറോക്കോയും വിദേശികളെ വിലക്കി അതിര്‍ത്തി അടച്ചു. ഓസ്‌ട്രേലിയ വിമാനവിലക്ക് ഡിസംബര്‍ 15 വരെ നീട്ടി. ഇന്തൊനീഷ്യ ഹോങ്കോങ്ങില്‍ നിന്നുള്ള യാത്രക്കാരെയും വിലക്കി.

ഉയര്‍ന്ന വ്യാപനശേഷിയെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനു വളരെ ഉയര്‍ന്ന വ്യാപനശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. അതേസമയം ഒമൈക്രോണ്‍ വ്യാപനത്തില്‍ ആശങ്കയുണ്ടെങ്കിലും, പരിഭ്രാന്തരാകേണ്ടതില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ, വാക്‌സിനേഷനും പരിശോധനയും കൂട്ടി പുതിയ വകഭേദത്തെ പ്രതിരോധിക്കണമെന്ന് ബൈഡന്‍ നിര്‍ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com