'ഒന്നിച്ചു നേരിടാം'; ശ്രീലങ്കയില്‍ ദേശീയ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷത്തെ ക്ഷണിച്ച് പ്രസിഡന്റ്; കേന്ദ്രബാങ്ക് ഗവര്‍ണര്‍ രാജിവച്ചു

സാമ്പത്തിക പ്രതിസന്ധി കാരണം ജനകീയ പ്രക്ഷോഭം നടക്കുന്ന ശ്രീലങ്കയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തത്തില്‍ ദേശീയ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

കൊളംബൊ: സാമ്പത്തിക പ്രതിസന്ധി കാരണം ജനകീയ പ്രക്ഷോഭം നടക്കുന്ന ശ്രീലങ്കയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തത്തില്‍ ദേശീയ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം. സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചു. 26 മന്ത്രിമാരുടെ രാജി പ്രസിഡന്റ് സ്വീകരിച്ചു. 

അതേസമയം, ശ്രീലങ്കന്‍ കേന്ദ്രബാങ്ക് ഗവര്‍ണര്‍ അജിത് കബ്രാള്‍ രാജിവച്ചു. മന്ത്രിമാര്‍ രാജിവച്ച സാഹചര്യത്തില്‍ താന്‍ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

പത്രക്കുറിപ്പിലൂടെയാണ് പ്രസിഡന്റ് രാഷ്ട്രീയ പാര്‍ട്ടികളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച വിവരം അറിയിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ അംഗങ്ങളുള്ള എല്ലാ പാര്‍ട്ടികളെയും ക്ഷണിച്ചതായി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാം എന്നാണ് പ്രസിഡന്റിന്റെ ആഹ്വാനം. 

കഴിഞ്ഞദിവസം, പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. പ്രതിസന്ധി പരിഹരിക്കാന്‍, സര്‍വ്വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമൈന്ന് പ്രസിഡന്റിനോട് മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഫ്രീഡം പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഭരണമുന്നണിയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ഫ്രീഡം പാര്‍ട്ടി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com