കൈകള്‍ പിന്നില്‍ക്കെട്ടി, തലയില്‍ വെടിയുതിര്‍ത്ത നിലയില്‍ മൃതദേഹങ്ങള്‍; യുക്രൈനില്‍ കൂട്ടക്കുരുതി, 'ഹൊറര്‍ സിനിമ പോലെ ഭയാനകം'

റഷ്യന്‍ സൈനികര്‍ ബുച്ച നഗരം വിട്ടതിന് ശേഷമാണ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്
ചിത്രം: എപി
ചിത്രം: എപി


ബുച്ച: യുദ്ധം തുടരുന്ന യുക്രൈനില്‍ നിന്ന് കൂട്ടക്കുരുതി നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കീവ് നഗരത്തിന്റെ പ്രാന്തപ്രദേശമായ ബുച്ചയില്‍, കൈകള്‍ കെട്ടി നിറയൊഴിച്ച നിലയിലും ശരീരമാസകലം മുറിവേറ്റ നിലയിലും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. കീവില്‍ റഷ്യന്‍ സൈന്യം കൂട്ടക്കുരുതി നടത്തുകയാണെന്ന് യുക്രൈന്‍ ഭരണകൂടം ആരോപിച്ചു. 

റഷ്യന്‍ സൈനികര്‍ ബുച്ച നഗരം വിട്ടതിന് ശേഷമാണ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 'ഒരു ഹൊറര്‍ സിനിമയിലെ രംഗം പോലെ'യാണ് നഗരത്തിന്റെ സ്ഥിതിയെന്ന് യുക്രൈന്‍ ഭരണകൂടം പറഞ്ഞു. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, റഷ്യയ്ക്ക് എതിരെ കൂടുതല്‍ വിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. ഉപരോധങ്ങള്‍ കൂടുതല്‍ കടുപ്പിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു. റഷ്യന്‍ സേനയില്‍ നിന്ന് തിരികെ പിടിച്ച കീവ് നഗരത്തിന്റെ ഒരു ഭാഗത്തുനിന്ന് 40 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് യുക്രൈന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

കീവ് നഗരത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗമായ ബുച്ചയിലെ പലയിടങ്ങളില്‍ നിന്നായി തങ്ങളുടെ ജേര്‍ണലിസ്റ്റുകള്‍ 21 മൃതദേഹങ്ങള്‍ കണ്ടതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 'ഒരിടത്ത് 9 മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരുന്നു. എല്ലാവരും സിവിലിയന്‍ വേഷം ധരിച്ചവരാണ്. റഷ്യന്‍ സൈന്യം താവളമായി ഉപയോഗിച്ചിരുന്ന ഒരു കെട്ടിടത്തിന് സമീപമാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. രണ്ട് മൃതദേഹങ്ങള്‍ കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലും ഒരാള്‍ തലയ്ക്ക് വെടിയേറ്റ നിലയിലുമായിരുന്നു.'-എപി റിപ്പോര്‍ട്ടില്‍ പറയുന്നു. 

കെട്ടിടങ്ങള്‍ കയറി ഇറങ്ങി പരിശോധിച്ച റഷ്യന്‍ സൈന്യം, ബങ്കറുകളില്‍ ഒളിച്ചവരെ പിടികൂടിയെന്നും വെടിയുതിര്‍ക്കുന്നതിന് മുന്‍പ് മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചെന്നും പ്രദേശവാസി പറഞ്ഞതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. 

തണുപ്പകറ്റാന്‍ വിറക് എടുക്കാനായി പുറത്തുപോയ അയല്‍വാസിയെ റഷ്യന്‍ സൈന്യം വെടിവെച്ചു കൊന്നതായി മറ്റൊരു പ്രദേശവാസി വ്യക്തമാക്കി. ഇടതു കാലില്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ശേഷം തുടരെ വെടിയുതിര്‍ത്തു കൊന്നു എന്നും പ്രദേശവാസി പറയുന്നു. 

എന്നാല്‍ സേന കൂട്ടക്കുരുതി നടത്തിയെന്ന യുക്രൈന്‍ ആരോപണം റഷ്യന്‍ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. അധിനിവേശത്തിന്റെ തുടത്തില്‍ തന്നെ ബുച്ച പിടിച്ചെടുത്ത റഷ്യന്‍ സൈന്യം, മാര്‍ച്ച് 30വരെ ഇവിടെ തുടര്‍ന്നിരുന്നു. നിലവില്‍ യുക്രൈന്റെ പടിഞ്ഞാറന്‍ പ്രദേശം ലക്ഷ്യം വെച്ചാണ് റഷ്യ ആക്രമണം നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com