ഷഹബാസ് ഷരീഫ്
ഷഹബാസ് ഷരീഫ്

ഷഹബാസ് ഷരീഫ് പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി; ദേശീയ അസംബ്ലി ബഹിഷ്‌കരിച്ച് ഇമ്രാനും കൂട്ടരും

മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍എന്‍) അധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ്


ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫിനെ തെരഞ്ഞെടുത്തു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍എന്‍) അധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ്. കാവല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങളും രാജിവച്ചു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച പിടിഐ അംഗങ്ങള്‍, ദേശീയ അസംബ്ലിയില്‍ നിന്ന് ഇറങ്ങിപ്പോയി. പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ വൈകുന്നേരം നടക്കും. ദേശീയ അസംബ്ലിയില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചത്. 

പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം ഇന്നലെ ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി പദത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. നിലവിലെ പ്രതിപക്ഷ നേതാവാണ് 70 കാരനായ ഷഹബാസ് ഷരീഫ്. പാക് പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രിയാണ്. 

ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പുറത്തായതിന് പിന്നാലെ, ഷഹബാസ് ഷരീഫ്പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞകാലത്തെ തെറ്റുകള്‍ തിരുത്താനുള്ള ആദ്യപടിയായിരുന്നു അവിശ്വാസപ്രമേയമെന്ന് ബിലാവല്‍ ഭൂട്ടോ അഭിപ്രായപ്പെട്ടു.

ഏറെ നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച രാത്രി വൈകിയാണ് ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പുറത്താകുന്നത്. ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷണല്‍ അസംബ്ലിയില്‍ 172 വോട്ടാണ് വേണ്ടിയിരുന്നത്.

അവിശ്വാസം നീട്ടിവെക്കാന്‍ ഇമ്രാന്‍ ഖാന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു. രാത്രി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ കോടതി ചേര്‍ന്ന് സഭ സമ്മേളിക്കാന്‍ നിര്‍ദേശം നല്‍കി. വോട്ടെടുപ്പിന് തൊട്ടുമുമ്പ് അസംബ്ലി സ്പീക്കര്‍ ആസാദ് കൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവെച്ചിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന അംഗം അയാസ് സാദിഖിനെ ഇടക്കാല സ്പീക്കറായി നിയമിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com