വീണ്ടും സ്വാതന്ത്ര്യസമരമെന്ന് ഇമ്രാന്‍ ഖാന്‍; തെരുവിലിറങ്ങി അനുയായികള്‍, വന്‍ പ്രതിഷേധം ( വീഡിയോ)

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി
ഇമ്രാൻ അനുകൂലികളുടെ പ്രതിഷേധപ്രകടനം/ എഎഫ്പി
ഇമ്രാൻ അനുകൂലികളുടെ പ്രതിഷേധപ്രകടനം/ എഎഫ്പി

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ അധികാരത്തില്‍ നിന്ന് പുറത്തായതിന് പിന്നാലെ പാകിസ്ഥാനില്‍ പ്രക്ഷോഭവുമായി ഇമ്രാന്‍ ഖാന്റെ അനുകൂലികള്‍. ഇസ്ലാമാബാദ് പെഷാവര്‍, കറാച്ചി, ലാഹോര്‍ തുടങ്ങി പന്ത്രണ്ട് നഗരങ്ങളിലാണ് പ്രതിഷേധം. സ്ത്രീകളടക്കം ലക്ഷക്കണക്കിന് പേരാണ് രാത്രി തെരുവിലിറങ്ങിയത്. ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് പിന്നില്‍ അമേരിക്കയാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. 

തന്റെ സര്‍ക്കാരിനെ പുറത്താക്കാന്‍ വിദേശ ഗൂഢാലോചന നടന്നുവെന്ന ആരോപണം ഇന്നലെയും അദ്ദേഹം ആവര്‍ത്തിച്ചു. 'പാക്കിസ്ഥാന്‍ 1947ല്‍ സ്വതന്ത്ര രാജ്യമായി. പക്ഷേ ഇന്നു മുതല്‍ സ്വാതന്ത്ര്യസമരം വീണ്ടും തുടങ്ങുന്നു.
പരമാധികാരവും ജനാധിപത്യവും എന്നും കാത്തുസംരക്ഷിക്കുന്നതു രാജ്യത്തെ ജനങ്ങളാണ്' ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

ആരോപണം അമേരിക്ക നിഷേധിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി. ദേശീയ അസംബ്ലിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും സൈന്യം സുരക്ഷ ശക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്യംവിടുന്നത് വിലക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ അതിജാഗ്രത പുറപ്പെടുവിച്ചു.

അതിനിടെ പ്രധാനമന്ത്രി പദത്തിലേക്ക് പ്രതിപക്ഷം മുന്നോട്ടുവെച്ച ഷഹബാസ് ഷരീഫ് തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉടന്‍ തന്നെ ദേശീയ അസംബ്ലിയില്‍ നിന്നും തന്റെ പാര്‍ട്ടിയിലെ മുഴുവന്‍ എംപിമാരെയും രാജിവെപ്പിക്കാനും ഇമ്രാന്‍ ഖാന്‍ ആലോചിക്കുന്നുണ്ട്. പിടിഐ എംപിമാര്‍ 95 ശതമാനവും രാജി നല്‍കുമെന്ന് മുന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി അലി മുഹമ്മദ് ഖാന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com