റോക്കറ്റിന്റെ എന്‍ജിനുകളില്‍ ഒന്നില്‍ തകരാര്‍; നാസയുടെ 'ആര്‍ട്ടിമിസ്' റോക്കറ്റ് വിക്ഷേപണം മാറ്റിവച്ചു - വീഡിയോ

നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കുക എന്ന അന്തിമലക്ഷ്യത്തിന് മുന്നോടിയായുള്ള പരീക്ഷണ ദൗത്യം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ നീട്ടിവെച്ചു
ആര്‍ട്ടിമിസ് ,photo credit: NASA
ആര്‍ട്ടിമിസ് ,photo credit: NASA

ന്യൂയോര്‍ക്ക്: നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കുക എന്ന അന്തിമലക്ഷ്യത്തിന് മുന്നോടിയായുള്ള പരീക്ഷണ ദൗത്യം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ നീട്ടിവെച്ചു. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നാസയുടെ ചാന്ദ്രദൗത്യം. ഇതിന്റെ ഭാഗമായി പരമ്പരയിലെ ആദ്യ ദൗത്യമായ ആര്‍ട്ടിമിസ് വണിനായുള്ള റോക്കറ്റിന്റെ എന്‍ജിനുകളില്‍ ഒന്നില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. നാലു എന്‍ജിനുകളില്‍ ഒന്നിനാണ് തകരാര്‍ കണ്ടെത്തിയത്. വിക്ഷേപണത്തിന്റെ പുതിയ തീയതി നാസ പിന്നീട് പ്രഖ്യാപിക്കും. വിക്ഷേപണം കാണാന്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉള്‍പ്പെടെ പതിനായിരങ്ങളാണ് കെന്നഡി സ്‌പേസ് സെന്ററിന് സമീപമുള്ള ബീച്ചില്‍ കാത്തുനിന്നത്.  

50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാസ അവസാനമായി മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ചത്. അപ്പോളോ 17 എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശസഞ്ചാരികള്‍ ചന്ദ്രനില്‍ കാലുകുത്തിയത്.ഇന്ന് വരെ ലോകത്തില്‍ നിര്‍മിച്ച ഏറ്റവും കരുത്തുറ്റ റോക്കറ്റുകളിലൊന്നിലാണ് ആര്‍ട്ടിമിസ് പുറപ്പെടാന്‍ ഇരുന്നത്. സ്‌പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്എല്‍എസ് റോക്കറ്റാണ് ആര്‍ട്ടിമിസിനെ ചന്ദ്രനില്‍ എത്തിക്കാന്‍ ഉപയോഗിച്ചത്.

ഇന്ന് നടക്കേണ്ടിയിരുന്ന വിക്ഷേപണത്തില്‍ യാത്രികരാരും പോകാന്‍ ഉദ്ദേശിച്ചിരുന്നില്ല. പരീക്ഷണാര്‍ഥമുള്ള ദൗത്യമായിരുന്നു ഇന്നത്തേത്. റോക്കറ്റില്‍ യാത്രികരെ വഹിക്കുന്ന ഭാഗമായ ഓറിയോണില്‍ യാത്രികര്‍ക്ക് പകരം പാവകളെയാണ് സ്ഥാപിച്ചിരുന്നത്. 

നാസയുടെ ബഹിരാകാശ പദ്ധതിയില്‍ നിര്‍ണായക വഴിത്തിരിവാകുന്ന പദ്ധതിയാണ് ആര്‍ട്ടിമിസ്. ഇത്രയും പ്രാധാന്യമുള്ള ദൗത്യമായതിനാല്‍ വളരെ ബൃഹത്തായി മികവുറ്റ രീതിയിലാണ് എസ്എല്‍എസ് റോക്കറ്റ് തയ്യാര്‍ ചെയ്തത്. 600 കോടി യുഎസ് ഡോളര്‍ ഇതിനു ചെലവു വന്നു. ഓരോ വിക്ഷേപണത്തിനും 50 കോടി യുഎസ് ഡോളര്‍ ചെലവു വേണ്ടിവരുമെന്നും കണക്കാക്കപ്പെടുന്നു.

322 അടി നീളമുള്ള പടുകൂറ്റന്‍ റോക്കറ്റാണ് എസ്എല്‍എസ്. അപ്പോളോ ദൗത്യത്തിന് ഉപയോഗിച്ച സാറ്റേണ്‍ ഫൈവ് റോക്കറ്റിനെക്കാള്‍ 15 ശതമാനം അധികം ഊര്‍ജം പുറന്തള്ളി കുതിക്കാന്‍ ഇതിനു കഴിയും. ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന 4 ആര്‍എസ്25 എന്‍ജിനുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഒരു താപകവചസംവിധാനം ഈ റോക്കറ്റില്‍ ഉപയോഗിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com