

ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യന്‍ എന്നറിയപ്പെടുന്ന ആമസോണ്‍ വനത്തിലെ ഗോത്രവര്‍ഗക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രസീല്‍ സര്‍ക്കാര്‍ ആണ് മരണവിവരം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ഏകദേശം 60 വയസുണ്ടെന്നാണ് കരുതുന്നത്. മൃതദേഹം ബ്രസീല്‍ ഫെഡറല്‍ പൊലീസ് പോസ്റ്റുമോര്‍ട്ടം നടത്തും. പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞ ഗോത്രവര്‍ഗത്തിലെ അവസാന കണ്ണിയാണ് ഇദ്ദേഹം.
തന്റെ ഗോത്ര അംഗങ്ങള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതോടെ 26 വര്‍ഷമാണ് ഇദ്ദേഹം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞത്. റൊണ്ടോണിയ എന്ന ബൊളീവിയന്‍ അതിര്‍ത്തി സംസ്ഥാനത്തെ തനാരു പ്രദേശത്തായിരുന്നു താമസം.ഓഗസ്റ്റ് 23ന് ഇദ്ദേഹം താമസിച്ചിരുന്ന വൈക്കോല്‍ കുടിലിന് പുറത്താണ് മൃതദേഹം കണ്ടെത്തിയത്.
2018ല്‍ അധികൃതര്‍ക്ക് ഇദ്ദേഹത്തിന്റെ ചിത്രം പകര്‍ത്താന്‍ സാധിച്ചിരുന്നു. തന്റെ താമസ സ്ഥലത്ത് നിരവധി കുഴികള്‍ നിര്‍മിച്ചിരുന്ന ഇദ്ദേഹം 'മാന്‍ ഓഫ് ദി ഹോള്‍' എന്നും അറിയപ്പെട്ടു. ഈ കുഴികളില്‍ ചിലത് മൃഗങ്ങളെ വീഴ്ത്താനും ചിലത് തനിക്ക് ഒളിച്ചിരിക്കാനും അദ്ദേഹം ഉപയോഗിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഗോത്രത്തില്‍പ്പെട്ട ഭൂരിഭാഗം ആളുകളും 1970കളില്‍ തന്നെ റേഞ്ചര്‍മാരാല്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. 1995ല്‍, അനധികൃത ഖനിത്തൊഴിലാളികളുടെ ആക്രമണത്തില്‍ ഈ ഗോത്രത്തിലെ ശേഷിച്ച ആറ് പേരും കൊല്ലപ്പെട്ടു. എന്നാല്‍, അദ്ദേഹം അന്ന് അതിജീവിച്ചു.
1996ലാണ് ബ്രസീലിലെ ഇന്‍ഡിജീനിയസ് അഫയേഴ്‌സ് ഏജന്‍സി ഈ ഗോത്രത്തിലെ ഒരാള്‍ ജീവിച്ചിരുപ്പുണ്ടെന്ന്് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ഈ പ്രദേശം നിരീക്ഷണ വിധേയമാക്കി. സാധാരണ നടന്നു വരുന്ന പരിശോധനയുടെ ഭാഗമായി ചെന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates