വമ്പൻ സ്ട്രോബറി! ഭാരം കാൽ കിലോക്ക് മുകളിൽ; 18 സെന്റിമീറ്റർ നീളം; ​ഗിന്നസ് റെക്കോർഡ്

ഏകദേശം അഞ്ച് മുഴുത്ത ആപ്പിളുകളുടെ ഭാരമാണ് ഈ സ്ട്രോബറിക്കുള്ളത്. ഈ ഭീമൻ സ്ട്രോബറിക്ക് സാധാരണ സ്ട്രോബറിയുടെ 41 മടങ്ങ് ഭാരമുണ്ടെന്ന് സാരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലോകത്തിലെ ഏറ്റവും വലിപ്പമുള്ള സ്ട്രോബറി ഇസ്രയേലി‍ൽ വിളയിച്ചെടുത്തു. 289 ഗ്രാമാണ് ഇതിന്റെ ഭാരം. ഇസ്രയേലിലെ ഏരിയൽ ചാഹി എന്ന കൃഷിക്കാരനാണു സ്ട്രോബറി വളർത്തിയെടുത്തത്. ഏറ്റവും വലിയ സ്ട്രോബറിയെന്ന ​ഗിന്നസ് റെക്കോർഡും ഇതോടെ ഈ സ്ട്രോബറി സ്വന്തമാക്കി. ഇസ്രയേലിൽ വികസിപ്പിച്ചെടുത്ത ലാൻ എന്ന പ്രത്യേക വകഭേദത്തിലുള്ള സ്ട്രോബറിയാണിത്. 

ഏകദേശം അഞ്ച് മുഴുത്ത ആപ്പിളുകളുടെ ഭാരമാണ് ഈ സ്ട്രോബറിക്കുള്ളത്. 18 സെന്റിമീറ്റർ നീളവും നാല് സെന്റിമീറ്റർ കട്ടിയും, 34 സെന്റിമീറ്റർ ചുറ്റളവും ഈ ഭീമൻ സ്ട്രോബറിക്കുണ്ട്. സാധാരണ നിലയിൽ സ്ട്രോബറികൾക്ക് ഏഴ് ​ഗ്രാം വരെ ഒക്കെയാണ് ഒന്നിനു ഭാരം വരുന്നത്. ഈ ഭീമൻ സ്ട്രോബറിക്ക് സാധാരണ സ്ട്രോബറിയുടെ 41 മടങ്ങ് ഭാരമുണ്ടെന്ന് സാരം.

ഇസ്രയേലിലെ കാദിമ സോറാൻ മേഖലയിൽ സ്ട്രോബറീസ് ഇൻ ദി ഫീൽഡ് എന്ന പേരിൽ ഒറു ഫാം ഏരിയൽ ചാഹിയും കുടുംബവും നടത്തുന്നുണ്ട്. ലാൻ വകഭേദത്തിലുള്ള സ്ട്രോബറികൾ ഇസ്രയേൽ അഗ്രിക്കൾച്ചറൽ റിസർച്ച് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ ഡോ. നിർ ഡായാണു വികസിപ്പിച്ചത്. 

ടെൽ അവീവിലെ ബെറ്റ് ഡാഗൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന അഗ്രിക്കൾച്ചറൽ റിസർച്ച് ഓർഗനൈസേഷൻ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്ത ഈ വകഭേദത്തിന് വലിയ ഫലങ്ങൾ നൽകാനുള്ള കഴിവുണ്ട്. എന്നാൽ ഏരിയൽ ചാഹിയുടെ സ്ട്രോബറിക്ക് ഇത്ര വലുപ്പം കിട്ടാൻ കാരണമായത് തണുത്ത അന്തരീക്ഷമാണെന്ന് ഡോ. നിർ ഡാ പറയുന്നു.

ഇത്തവണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇസ്രയേലിൽ പതിവിലും കൂടുതൽ‌ തണുപ്പുണ്ടായിരുന്നു. ഇതു മൂലം ഏരിയലിന്റെ ഫാമിലെ സ്ട്രോബറികൾ 45 ദിവസത്തോളമെടുത്ത്, താമസിച്ചാണ് വിളഞ്ഞത്. ഫലത്തിന്റെ പുഷ്ടിപ്പ് കൂടാൻ ഇതു കാരണമായി. 

ഒരേ ചെടിയിലെ പല ഫലങ്ങൾ കൂടിച്ചേർന്നാണ് ഇത്ര വലിയ ഫലത്തിന്റെ രൂപീകരണത്തിലേക്കു നയിച്ചത്. ഇത്രയും ഭാരമില്ലെങ്കിലും നാല് വമ്പൻ സ്ട്രോബറികൾ കൂടി ഏരിയലിന്റെ ഫാമിൽ ഉണ്ടായിട്ടുണ്ട്.

ഇതിനു മുൻപ് ലോകത്തിലെ ഏറ്റവും വലുപ്പമുള്ളതും ഭാരമുള്ളതുമായ സ്ട്രോബറിക്കുള്ള റെക്കോർഡ് ജപ്പാനിലായിരുന്നു. ജപ്പാനിലെ ഫുക്കുവോക്ക മേഖലയിൽ കോജി നകാവോ എന്ന കൃഷിക്കാരൻ വളർത്തിയ സ്ട്രോബറിക്ക് 250 ഗ്രാം ഭാരം വച്ചു. അമാവോ എന്ന വിഭാഗത്തിലുള്ളതായിരുന്നു ഈ സ്ട്രോബറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com