യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; ദുബൈയിലും ഷാര്‍ജയിലും നിന്ന് കണക്ഷന്‍ സര്‍വീസ്, ആശങ്ക വേണ്ടെന്ന് കേന്ദ്രം

റഷ്യയുമായി യുദ്ധ ഭീഷണി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: റഷ്യയുമായി യുദ്ധ ഭീഷണി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.

സംഘര്‍ഷത്തില്‍ അയവു വന്നെങ്കിലും ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് വിദേശ മന്ത്രാലയത്തിന്റെ തീരുമാനം. യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഷാര്‍ജ, ദുബായ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കണക്ഷന്‍ സര്‍വീസുമുണ്ടാകും. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയവുമായും വിമാന കമ്പനികളുമായും വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി. കീവിലെ ഇന്ത്യന്‍ എംബസിയില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. 

താത്പര്യമുള്ള എല്ലാവരേയും മടക്കി കൊണ്ടുവരും. നിരവധി പേര്‍ എംബസിയിലും വിദേശകാര്യ മന്ത്രാലയത്തിലും ബന്ധപ്പെടുകയാണ്. ഇതിനെ തുടര്‍ന്നാണ് യുക്രൈന്‍ വിഷയം കൈകാര്യം ചെയ്യാനും പൗരന്‍മാരുടെ ആശങ്കയകറ്റാനും കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

എംബസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മുന്‍ഗണനാ ക്രമത്തില്‍ തിരികെ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഒഴിപ്പിക്കലിന്റെ വിശദമായ ഷെഡ്യൂള്‍ വൈകാതെ മന്ത്രാലയം പുറത്തുവിടും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും യുക്രൈനിലെ ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 18,000ഓളം ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com