ഒടുവില്‍ ബോറിസ് ജോണ്‍സണ്‍ ഒഴിയുന്നു, രാജി സമ്മതം അറിയിച്ചു

ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവില്‍, ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറായതായി റിപ്പോര്‍ട്ട്
ബോറിസ് ജോണ്‍സണ്‍/എഎഫ്പി
ബോറിസ് ജോണ്‍സണ്‍/എഎഫ്പി

ലണ്ടന്‍:  ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവില്‍, ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് പുതിയ ആള്‍ വരുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി തല്‍സ്ഥാനത്ത് തുടരുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് തന്നെ ഇതുസംബന്ധിച്ച് അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്.


രണ്ടുദിവസം മുന്‍പ് ധനമന്ത്രിയായി സ്ഥാനമേറ്റ നദിം സഹവി , ബോറിസ് ജോണ്‍സണിനോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചാന്‍സിലര്‍ ഋഷി സുനക് രാജിവെച്ച ഒഴിവിലാണ് നദിം സഹവിയെ ധനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ നിയമിച്ചത്.  ഹൃദയത്തില്‍ ഏതാണ് ശരിയെന്ന് തോന്നുന്നത്, അത് ചെയ്ത് പുറത്തുപോകുക എന്നതാണ് ബോറിസ് ജോണ്‍സണിനെ ഉദ്ദേശിച്ച് നദിം സഹവി ട്വിറ്ററില്‍ കുറിച്ചത്. 

കഴിഞ്ഞ ദിവസങ്ങളില്‍ ബോറിസ് ജോണ്‍സണില്‍ അവിശ്വാസം പ്രകടിപ്പിച്ച് ഒന്നിലധികം മന്ത്രിമാര്‍ രാജിവെച്ചതോടെയാണ് ടോറി സര്‍ക്കാരില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചത്. അവസാന ഘട്ടം വരെ പൊരുതാന്‍ ബോറിസ് ജോണ്‍സണ്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ രാജിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ബോറിസ് ജോണ്‍സണിന്റെ അടുത്ത അനുയായി പറഞ്ഞു. ഒക്ടോബറിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം. സമ്മേളനത്തില്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് പുതിയയാളെ അവരോധിക്കുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയുമാണ് ഋഷി സുനക്ക് അടക്കം രണ്ട് മന്ത്രിമാര്‍ രാജിവെച്ചത്. ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദാണ് രാജി വെച്ച രണ്ടാമത്തെ മന്ത്രി. മണിക്കൂറുകള്‍ക്ക് മുന്‍പ് ടോറി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാഭ്യാസ മന്ത്രിയും രാജിവെച്ചിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com