വെടിയേറ്റതിന് പിന്നാലെ ഹൃദയാഘാതം; ഷിന്‍സോ ആബെയുടെ നില അതീവ ഗുരുതരം

പടിഞ്ഞാറന്‍ നഗരമായ നാരായില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കെയാണ് ആബേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്
വെടിയേറ്റതിന് പിന്നാലെ ഹൃദയാഘാതം; ഷിന്‍സോ ആബെയുടെ നില അതീവ ഗുരുതരം

ടോക്യോ: വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായി. ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച മട്ടിലാണെന്നും അധികൃതര്‍ സൂചിപ്പിച്ചു. ആബേയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും മെഡിക്കല്‍ സംഘത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ജപ്പാന്റെ പടിഞ്ഞാറന്‍ നഗരമായ നാരായില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കെയാണ് ആബേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആബെയുടെ നെഞ്ചിനാണ് വെടിയേറ്റത്. രണ്ടുപ്രാവശ്യം വെടിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രക്തത്തില്‍ കുളിച്ച് നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.  ഉടന്‍ തന്നെ ആബേയെ എയര്‍ ലിഫ്റ്റ് വഴി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പ്രാദേശിക ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മകോതോ മോറിമോട്ടോ പറഞ്ഞു.

ജപ്പാന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രചാരണപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ആബെ. അക്രമിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 40 വയസ്സുള്ളയാളാണ് അക്രമിയെന്ന് പൊലീസ് അറിയിച്ചു. 

സംഭവം അറിഞ്ഞയുടന്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി ജപ്പാന്‍ പധാനമന്ത്രി ഫുമിയോ കിഷിദോ ആശുപത്രിയിലേക്ക് തിരിച്ചു. ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍ ഹൈക്കമ്മീഷനില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. ജപ്പാനിലെ അമേരിക്കന്‍ അംബാസഡര്‍ നടുക്കം രേഖപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com