'ഫാസിസ്റ്റുകള്‍ രാജ്യം പിടിച്ചെടുക്കാന്‍ നോക്കുന്നു'; കലാപത്തെ നേരിടാന്‍ സൈന്യത്തിനു പൂര്‍ണ അധികാരം; രാജ്യത്തെ അഭിസംബോധന ചെയ്ത് വിക്രമസിംഗെ

ഫാസിസ്റ്റുകള്‍ രാജ്യം പിടിച്ചെടുക്കാന്‍ നോക്കുകയാണെന്ന് ശ്രീലങ്കന്‍ ആക്ടിങ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ
ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷം/ എഎഫ്പി
ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷം/ എഎഫ്പി


കൊളംബൊ: ഫാസിസ്റ്റുകള്‍ രാജ്യം പിടിച്ചെടുക്കാന്‍ നോക്കുകയാണെന്ന് ശ്രീലങ്കന്‍ ആക്ടിങ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പ്രക്ഷോഭകാരികള്‍ ഇരച്ചെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് എതിരെ പ്രതികരണവുമായി വിക്രമസിംഗെ രംഗത്തുവന്നിരിക്കുന്നത്. 

സമാധാനം പുനസ്ഥാപിക്കാന്‍ എന്താണോ വേണ്ടത് അത് ചെയ്യാന്‍ സൈന്യത്തോടും പൊലീസിനോടും ഉത്തരവിട്ടതായി ശ്രീലങ്കന്‍ ദേശീയ ചാനലിലൂടെ നടത്തിയ അഭിസംബോധനയില്‍ വിക്രമസിംഗെ പറഞ്ഞു. ശ്രീലങ്കന്‍ സര്‍ക്കാര്‍ ചാനലായ ജതിക രൂപവാണിയിലേക്ക് പ്രക്ഷോഭകര്‍ ഇടിച്ചു കയറിയിരുന്നു. ഇതിന് പിന്നാലെ ചാനല്‍ സംപ്രേഷണം നിര്‍ത്തി. തുടര്‍ന്ന് സൈന്യം എത്തി ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിന് ശേഷമാണ് രൂപവാണിയിലൂടെ വിക്രമസിംഗെ രാജ്യത്തെ അഭിസംബോധന ചെയ്തത്. 

'ജനാധിപത്യത്തിന് എതിരായ ഈ ഫാസിസ്റ്റ് ഭീഷണി നമ്മള്‍ അവസാനിപ്പിക്കണം. രാജ്യത്തിന്റെ പൊതു സ്വത്തുകള്‍ നശിപ്പിക്കുന്നത് അനുവദിക്കരുത്. രാഷ്ട്രപതിയുടെ ഓഫീസ്, രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി എന്നിവ ശരിയായ രീതിയില്‍ അധികൃതര്‍ക്ക് തിരികെ നല്‍കണം.'-വിക്രമസിംഗെ പറഞ്ഞു. 

'ആക്ടിംഗ് പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് എന്നെ തടയാന്‍ എന്റെ ഓഫീസിലെത്തിയവര്‍ ആഗ്രഹിക്കുന്നു. ഭരണഘടന നശിപ്പിക്കാന്‍ അവരെ അനുവദിക്കില്ല. രാജ്യം പിടിച്ചെടുക്കാന്‍ ഫാസിസ്റ്റുകളെ അനുവദിക്കില്ല. ഈ തീവ്രവാദികളെ ചില മുഖ്യധാര നേതാക്കളും പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്'-വിക്രമസിംഗെ പറഞ്ഞു. 

സൈന്യത്തിന് പൂര്‍ണ അധികാരം 

പ്രക്ഷോഭകരെ നേരിടാന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതായും റെനില്‍ വിക്രമസിംഗെ വ്യക്തമാക്കി. കര,നാവിക,വ്യോമസേന തലവന്‍മാരെയും പൊലീസ് മേധാവിയേയും ചേര്‍ത്ത് സമാധാനം പുനസ്ഥാപിക്കാനായി പുതിയ സമിതി രൂപീകരിച്ചു.

ക്രമസാമാധാന പാലനത്തിന് വേണ്ടിയുള്ള തീരുമാനങ്ങള്‍ ഈ സമിതിക്ക് സ്വീകരിക്കാം. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയക്കാരുടെ ഇടപെടലുണ്ടാകില്ല. കൊളംബോയിലേക്ക് വരുന്ന ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com