'യുക്രൈനെ തകർക്കാനാകില്ല; ഈ പോരാട്ടം നാടിനും സ്വാതന്ത്ര്യത്തിനും വേണ്ടി'- വികാരാധീനനായി സെലൻസ്കി; കൈയടിച്ച് യൂറോപ്യൻ പാർലമെന്റ് (വീഡിയോ)

ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്നും സെലെൻസ്‌കി പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കീവ്: യുക്രൈനെ ആർക്കും തകർക്കാനാകില്ലെന്ന് പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി. ഓൺലൈനായി യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് സെലെൻസ്‌കിയുടെ പ്രതികരണം. റഷ്യയ്‌ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

'നാടിനും സ്വാതന്ത്യത്തിനും വേണ്ടിയാണ് പോരാടുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണി ണിത്. സ്വാതന്ത്ര്യ ചത്വരം അവർ നശിപ്പിച്ചു. ഞങ്ങളുടെ കരുത്ത് എന്താണെന്ന് ഞങ്ങൾ തെളിയിച്ചു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും.‌'

റഷ്യയുമായുള്ള യുദ്ധത്തിൽ തങ്ങൾക്കൊപ്പമാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സെലെൻസ്‌കിയുടെ പ്രസംഗം അവസാനിച്ചതിന് പിന്നാലെ യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ എഴുന്നേറ്റുനിന്ന് കൈയടിക്കുകയും ചെയ്തു. സെലൻസ്‌കിക്ക് പുറമേ യുക്രൈൻ പാർലമെന്റ് സ്പീക്കറും യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

അതേസമയം, ലക്ഷ്യം കാണും വരെ യുക്രൈനെതിരേയുള്ള ആക്രമണം തുടരുമെന്ന് നേരത്തെ റഷ്യ അറിയിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ യുക്രൈനെ കളിപ്പാവയാക്കുകയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

യുക്രൈനിലെ പ്രധാന നഗരങ്ങളിലെ ജനവാസ മേഖലകളിലടക്കം റഷ്യ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. കീവിനു ശേഷം യുക്രൈനിലെ പ്രധാന നഗരമായ ഖാർകീവിലെ സർക്കാർ കെട്ടിടം നിമിഷങ്ങൾക്കൊണ്ട് അഗ്നിഗോളമായി തീരുന്ന ദൃശ്യങ്ങൾ യുക്രൈൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. 

രാജ്യാന്തര മാനുഷിക നിയമങ്ങളെല്ലാം ലംഘിച്ച് റഷ്യ യുദ്ധം വ്യാപിപ്പിക്കുകയാണ്. സാധാരണക്കാരെ കൊല്ലുന്നു, അവരുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇല്ലാതാക്കുന്നു. യുക്രൈനിലെ പ്രധാന നഗരങ്ങളെല്ലാം അവർ മിസൈലുകൾ തൊടുത്ത് ഇല്ലാതാക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com