റഷ്യ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചു; അടിയന്തര സൈനിക സഹായം വേണം; നാറ്റോയോട് യുക്രൈൻ

യുക്രൈനിലെ ജനങ്ങളെയും നഗരങ്ങളെയും രക്ഷിക്കാൻ നിയന്ത്രണങ്ങളില്ലാതെ സൈനിക സഹായം ആവശ്യമാണ്
വൊളോഡിമിർ സെലെൻസ്കി
വൊളോഡിമിർ സെലെൻസ്കി

കീവ്: യുക്രൈനിൽ റഷ്യ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ആക്രമണത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായും നാറ്റോ സഖ്യത്തിനു നൽകിയ വി‍ഡിയോ സന്ദേശത്തിൽ സെലെൻസ്കി ആരോപിച്ചു. ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ തീപിടിക്കുകയും ഗുരുതരമായ പൊള്ളലേൽക്കുകയും ചെയ്യുന്നവ പൊടിപടലങ്ങൾ ഉൽപാദിക്കുന്നവയാണ് ഫോസ്ഫറസ് ബോംബുകൾ.

റഷ്യ സൈനികനീക്കം ആരംഭിച്ചിട്ട് ഒരുമാസം ആയിരിക്കെ യുക്രൈയിന്, നാറ്റോ അനിയന്ത്രിതമായ സൈനിക സഹായം നൽകണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു. ‘റഷ്യ അതിന്റെ മുഴുവൻ ആയുധശേഖരവും നിയന്ത്രണങ്ങളില്ലാതെ ഞങ്ങൾക്കെതിരെ ഉപയോഗിക്കുകയാണ്. യുക്രൈനിലെ ജനങ്ങളെയും നഗരങ്ങളെയും രക്ഷിക്കാൻ നിയന്ത്രണങ്ങളില്ലാതെ സൈനിക സഹായം ആവശ്യമാണ്.’– സെലെൻസ്കി പറഞ്ഞു.

ഇതുവരെ നല്‍കിയ പ്രതിരോധ ഉപകരണങ്ങള്‍ക്ക് പാശ്ചാത്യ സൈനിക സഖ്യത്തിലെ അംഗങ്ങളോട് സെലെന്‍സ്‌കി നന്ദി പറയുകയും കൂടുതല്‍ ആയുധങ്ങള്‍ക്കായി അഭ്യര്‍ഥിക്കുകയും ചെയ്തു. 'നിങ്ങളുടെ വിമാനങ്ങളുടെ ഒരു ശതമാനം ഞങ്ങള്‍ക്ക് തരൂ, നിങ്ങളുടെ ടാങ്കുകളുടെ ഒരു ശതമാനം ഞങ്ങള്‍ക്ക് തരൂ. ഇന്ന് രാവിലെ യുക്രൈനിലെ തെരുവുകളില്‍ റഷ്യ ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചു. മുതിര്‍ന്നവരും കുട്ടികളും വീണ്ടും വീണ്ടും കൊല്ലപ്പെടുകയാണ്', സെലെന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ തങ്ങള്‍ക്ക് ആവശ്യമായ എല്ലാ ആയുധങ്ങളും നല്‍കി യുക്രൈനിലെ ജനങ്ങളുടെ മരണം തടയാന്‍ നാറ്റോ സഖ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com