അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാതെ പാകിസ്ഥാന്‍ പാര്‍ലമെന്റ്; മൂന്നാം തീയതി വീണ്ടും ചേരും

പ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചര്‍ച്ച മാറ്റിയത്
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍/ഫയല്‍
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍/ഫയല്‍


ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാതെ പാകിസ്ഥാന്‍ ദേശീയ അസംബ്ലി പിരിഞ്ഞു. പ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചര്‍ച്ച മാറ്റിയത്. ഇന്നത്തേയ്ക്ക് പിരിഞ്ഞ സഭ, ഞായറാഴ്ച വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ഖാസിം സുരി അറിയിച്ചു. പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവച്ചു. ഇന്നത്തെ അജണ്ടയില്‍ നാലാമതായി ആയിരുന്നു അവിശ്വാസ പ്രമേയ ചര്‍ച്ച.

പ്രതിപക്ഷത്തിന് കാര്യഗൗരവമില്ലെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. മാര്‍ച്ച് 28നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. പ്രമേയം അവതരിപ്പിക്കാന്‍ അന്നുതന്നെ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

മുഖ്യ ഘടകകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്ഥാന്‍ (എംക്യുഎംപി) കൂടി പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്‍ സര്‍ക്കാരിന് കേവലഭൂരിപക്ഷം നഷ്ടമായിരുന്നു. എംക്യുഎമ്മിന്റെ രണ്ടു മന്ത്രിമാരും രാജിക്കത്ത് നല്‍കി. ഏഴ് അംഗങ്ങളാണ് എംക്യുഎമ്മിനുള്ളത്.

പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരുന്നതായി മറ്റൊരു ഘടകകക്ഷിയായ ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (4 അംഗങ്ങള്‍) തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതിപക്ഷ സഖ്യത്തില്‍ 177 അംഗങ്ങളായെന്നാണ് സൂചന. 342 അംഗ പാര്‍ലമെന്റില്‍ അവിശ്വാസം വിജയിക്കാന്‍ 172 വോട്ടുകളാണ് വേണ്ടത്. 155 അംഗങ്ങളുള്ള ഇമ്രാന്റെ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) 2018 ല്‍ ചെറുകക്ഷികളുടെ പിന്തുണയോടെയാണു സര്‍ക്കാരുണ്ടാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com