തോല്‍വി അംഗീകരിക്കാതെ ബോല്‍സനാരോ; അക്രമം അഴിച്ചുവിട്ട് അനുകൂലികള്‍, 'ട്രംപിന്റെ അവസ്ഥയില്‍'
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st November 2022 04:52 PM |
Last Updated: 01st November 2022 04:52 PM | A+A A- |

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ബോല്‍സനാരോ പ്രസിഡന്റ് പാലസില്‍/എഎഫ്പി
ബ്രസീലില്‍ തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാതെ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ബോല്‍സനാരോയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. രാജ്യത്തിന്റെ പലഭാഗത്തും ബോല്‍സനാരോ അനുകൂലികള്‍ കലാപ സമാന സാഹചര്യം സൃഷ്ടിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്്തു.
ചെറിയ മാര്‍ജിനിലാണ് ഇടത് നേതാവും മുന്‍ പ്രസിഡന്റുമായ ലുല ഡ സില്‍വ തീവ്ര വലതുപക്ഷക്കാരനായ ബോല്‍സനാരോയെ പരാജയപ്പെടുത്തിയത്. ലുല 50.9 ശതമാനം വോട്ട് നേടിയപ്പോള്‍, ബോല്‍സനാരോ 49.1 ശതമാനം വോട്ട് നേടി. ബോല്‍സനാരോയുടെ ഭരണത്തില്‍ തകര്‍ന്നു തരിപ്പണമായ രാജ്യത്തിന്റെ ക്രമസമാധനാവുംം സാമ്പത്തിക ശേഷിയും തിരികെ പിടിക്കുക എന്നതാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് ഫലം വന്നതിന് ശേഷം ലുല പ്രതികരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് നടന്ന സമയത്ത് തന്നെ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വര്‍ക്കേഴ്‌സ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചെന്നും ബോല്‍സനാരോ ആരോപിച്ചിരുന്നു. അദ്ദേഹം അധികാര സ്ഥാനം ഒഴിയാന്‍ കൂട്ടാക്കിയേക്കില്ലെന്ന് ഇത് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം, അധികാര സ്ഥാനം ഒഴിയാന്‍ കൂട്ടാക്കാതിരുന്ന ഡൊണാള്‍ഡ് ട്രംപിനെ പോലെ ജെയിര്‍ ബോല്‍സനാരോ പെരുമാറിയേക്കുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ബോല്‍സനാരോ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍/ എഎഫ്പി
ബ്രസീലിയന്‍ തെരുവുകളില്‍ ബോല്‍സനാരോ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടതും സമാധനപരമായ ഒരു അധികാര കൈമാറ്റം നടന്നേക്കില്ലെന്ന സൂചന നല്‍കുന്നുണ്ട്. പതിനൊന്നോളം ഹൈവേകള്‍ കൈയ്യേറിയ ബോല്‍സനാരോ അനുകൂലികള്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഗതാഗത തടസ്സമുണ്ടാക്കുന്നവരെ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ബ്രസീല്‍ സുപ്രീംകോടതി തിങ്കളാഴ്ച രാത്രി ഉത്തരവിട്ടു. ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്റെ പരാതിയിന്‍മേലായിരുന്നു സുപ്രീംകോടതി ഇടപെടല്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ ബ്രസീലില്‍ വീണ്ടും ഇടതുപക്ഷം അധികാരത്തില്‍; ലുല ഡ സില്‍വ പ്രസിഡന്റ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ