ഇസ്താംബുള്‍: തുര്‍ക്കിയില്‍ മുസ്ലീം മതപ്രഭാഷകന്‍ എന്ന് സ്വയം അവകാശപ്പെടുന്ന 66കാരന് ലൈംഗികാതിക്രമ കേസില്‍ 8658 വര്‍ഷം തടവുശിക്ഷ. കഴിഞ്ഞവര്‍ഷം ലൈംഗികാതിക്രമം, കുട്ടികളെ ദുരുപയോഗം ചെയ്യല്‍, വഞ്ചന, രാഷ്ട്രീയ, സൈനിക ചാരവൃത്തി, തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തി അദ്നാന്‍ ഒക്തറിന് ആയിരം വര്‍ഷത്തിലധികം തടവുശിക്ഷ വിധിച്ചിരുന്നു. പുനര്‍വിചാരണയില്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കി ഇസ്താംബുള്‍ ഹൈ ക്രിമിനല്‍ കോടതി തടവുശിക്ഷ വര്‍ധിപ്പിക്കുകയായിരുന്നു. വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി ഉത്തരവ്. കേസില്‍ ഉള്‍പ്പെട്ട മറ്റു പത്തുപേര്‍ക്കെതിരെയും സമാനമായ വിധിയാണ്.
2018ലാണ് ഇസ്താംബുള്‍ പൊലീസ് അദ്നാന്‍ ഒക്തറിനെ പിടികൂടുന്നത്. അദ്നാന്‍ ഒക്തര്‍ നേതൃത്വം നല്‍കുന്ന സംഘത്തിനെതിരെ ഇസ്താംബുള്‍ പൊലീസിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന യൂണിറ്റാണ് നടപടി സ്വീകരിച്ചത്. ലൈംഗികാതിക്രമം ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തി 1075 വര്‍ഷമാണ് കീഴ്‌ക്കോടതി തടവുശിക്ഷയ്ക്ക് വിധിച്ചത്. ഇതാണ് മേല്‍ക്കോടതി ഭേദഗതി ചെയ്തത്.
ടെലിവിഷനില്‍ മതപ്രബോധകനായി എത്തുന്ന അദ്നാന്‍ ഒക്തര്‍ ടിവി സ്റ്റുഡിയോയില്‍ അര്‍ദ്ധനഗ്‌നരായ സ്ത്രീകളും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോ വിവാദമായിരുന്നു. ടെലിവിഷന്‍ പ്രഭാഷണങ്ങളിലൂടെ യാഥാസ്ഥിതിക നിലപാടുകള്‍ വിശദീകരിക്കുന്ന അദ്നാന്‍ ഒക്തര്‍ സ്ത്രീകളെ പൂച്ചക്കുട്ടികളോടാണ് ഉപമിച്ചിരുന്നത്. പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപം മാറിയാണ് പല സ്ത്രീകളും ടിവി സ്റ്റുഡിയോയില്‍ ഇദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തിരുന്നത്് എന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വിചാരണക്കിടെ, തന്റെ ഹൃദയത്തില്‍ സ്ത്രീകളോടുള്ള സ്നേഹം തുളുമ്പുകയാണ് എന്നാണ് മതപ്രഭാഷകന്റെ പ്രതികരണം. സ്നേഹം മനുഷ്യന്റെ സഹജമായ സ്വഭാവമാണ്. മുസ്ലീങ്ങളുടെ മേന്മയായാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. തനിക്ക് ആയിരത്തോളം പെണ്‍സുഹൃത്തുക്കള്‍ ഉള്ളതായും അദ്നാന്‍ ഒക്തര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
1990ലാണ് ഒരു വിഭാഗത്തിന്റെ നേതാവായി ഇദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ടെലിവിഷന്‍ ചാനല്‍ 2011ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുര്‍ക്കിയിലെ മതപുരോഹിതരില്‍ നിന്ന് ഇതിനെതിരെ വ്യാപകമായ ആക്ഷേപമാണ് ഉയര്‍ന്നത്. തങ്ങളെ അദ്നാന്‍ ഒക്തര്‍ ലൈംഗികമായി ചൂഷണം ചെയ്തതായുള്ള സ്ത്രീകളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ബലാത്സംഗത്തിന് മുന്നോടിയായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിപ്പിക്കാന്‍ നിര്‍ബന്ധിച്ചതായും സ്ത്രീകളുടെ മൊഴിയില്‍ പറയുന്നു. അദ്നാന്‍ ഒക്തറിന്റെ വീട്ടില്‍ നിന്ന് 69000 ഗര്‍ഭനിരോധന ഗുളികകളാണ് പൊലീസ് കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates