ആയത്തുള്ള ഖൊമേനിയുടെ വീടിന് തീയിട്ടു; ആനന്ദ നൃത്തം ചെയ്ത് പ്രതിഷേധക്കാര്‍, ഇറാനില്‍ പ്രക്ഷോഭം ആളുന്നു (വീഡിയോ)

കെട്ടിടത്തിന്റെ ഒരുഭാഗത്ത് തീ ആളിപ്പടരുമ്പോള്‍ ആഹ്ലാദ നൃത്തം ചെയ്യുന്ന പ്രക്ഷോഭകാരികളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു
വീഡിയോ സ്‌ക്രീന്‍ഷോട്ട് 
വീഡിയോ സ്‌ക്രീന്‍ഷോട്ട് 

ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം പുതിയ തലത്തിലേക്ക്. ഇസ്ലാമിക റിപ്പബ്ലിക്കിന്റെ സ്ഥാപകനും ഇറാന്റെ പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള റുഹോല ഖൊമേനിയുടെ തറവാട് വീട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. കെട്ടിടത്തിന്റെ ഒരുഭാഗത്ത് തീ ആളിപ്പടരുമ്പോള്‍ ആഹ്ലാദ നൃത്തം ചെയ്യുന്ന പ്രക്ഷോഭകാരികളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

ആയത്തുള്ള റുഹോല്ല ഖൊമേനി ജനിച്ചത് ഈ വീട്ടിലാണെന്ന് കരുതപ്പെടുന്നു. നിലവില്‍ ഇവിടം  മ്യൂസിയമാണ്. കെട്ടിടം സ്ഥിതി ചെയ്യുന്ന ഖൊമൈന്‍ നഗരത്തില്‍ പ്രക്ഷോഭം പടര്‍ന്നുപിടിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. 

എന്നാല്‍ ഖൊമേനിയുടെ തറവാട് അഗ്നിക്കിരയാക്കി എന്ന വിവരം ഇറാന്‍ അര്‍ധ സര്‍ക്കാര്‍ ന്യൂസ് ഏജന്‍സിയായ തസ്‌നിം നിഷേധിച്ചു. വീടിന് മുന്നില്‍ ചെറിയ ആള്‍ക്കൂട്ടം പ്രതിഷേധം നടത്തുക മാത്രമാണ് ചെയ്തതെന്നാണ് തസ്‌നിം അവകാശപ്പെടുന്നത്. വീട് ഇപ്പോഴും സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നും തസ്‌നിം റിപ്പോര്‍ട്ടില്‍ പറയുന്നു. 

1979 ല്‍ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെ മുന്നില്‍ നിന്ന് നയിച്ചത് ആയത്തുള്ള ഖൊമേനിയായിരുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് അന്നത്തെ ഭരണാധികാരിയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സുഹൃത്തുമായ ഷാ മുഹമ്മദ് റെസ പഹ്ലവിയെ പുറത്താക്കി, ഇസ്ലാമിക റിപ്പബ്ലിക്ക് സ്ഥാപിക്കുകയും രാജ്യത്തെ പരമോന്നത നേതാവായി സ്വയം അവരോധിക്കുകയുമായിരുന്നു. 1989ല്‍ മരിക്കുന്നതുവരെ സ്ഥാനത്ത് തുടര്‍ന്നു. 

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്‍ മത പൊലീസ് 22കാരിയ മഹ്‌സ അമീനിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് വന്‍ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com