ചായ കുടിക്കാന്‍ 3624 രൂപയുടെ കപ്പ്!, ഋഷി ചാള്‍സ് രാജാവിനെക്കാള്‍ സമ്പന്നന്‍, വിവാദങ്ങളില്‍ നിറഞ്ഞ അക്ഷത

ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഹിന്ദു പ്രധാനമന്ത്രിയുണ്ടാകുന്നത്
ഋഷി സുനക്, അക്ഷിത മൂര്‍ത്തി/എഎഫ്പി
ഋഷി സുനക്, അക്ഷിത മൂര്‍ത്തി/എഎഫ്പി

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഋഷി സുനക് ചാള്‍സ് മൂന്നാമന്‍ രാജാവിനെക്കാള്‍ സമ്പന്നന്‍. ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഹിന്ദു പ്രധാനമന്ത്രിയുണ്ടാകുന്നത്. ഇന്ത്യന്‍ വേരുകളുള്ള ഋഷിയുടെ കുടുംബം ആഫ്രിക്കയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയവരാണ്. സതാംപ്റ്റണില്‍ 1980ലാണ് ഋഷിയുടെ ജനനം. സമ്പന്നരുടെ മക്കള്‍ മാത്രം പഠിക്കുന്ന വിന്‍ചെസ്റ്റര്‍ കോളജിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഒരുവര്‍ഷത്തെ ഫീസ് 43,335 പൗണ്ട്. അതയായത് 40,49,230 ഇന്ത്യന്‍ രൂപ.

പിന്നീട് ഓക്‌സ്‌ഫോഡില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെ ഡിഗ്രി പൂര്‍ത്തിയാക്കി. സ്റ്റാന്റ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ എംബിഎ പഠനകാലത്താണ് പിന്നീട് ഋഷിയുടെ ജീവിത സഖിയായി മാറിയ അക്ഷത മൂര്‍ത്തിയെ കണ്ടുമുട്ടുന്നത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരയണ മൂര്‍ത്തിയുടെ മകളാണ് അക്ഷത. ഇന്‍ഫോസിസില്‍ 0.91 ശതമാനം ഓഹരിയുള്ള അക്ഷതയ്ക്ക് ഇവിടെനിന്ന് മാത്രം 6,500 കോടിയുടെ ആസ്തിയുണ്ട്. 

2009ല്‍ ബെംഗളൂരുവില്‍ വെച്ചായിരുന്നു അക്ഷത-ഋഷി വിവാഹം. ബെംഗളൂരുവിലെ പാലസ് ഹോട്ടലില്‍ വെച്ച് നടന്ന ആര്‍ഭാട വിവാഹത്തില്‍ പങ്കെടുത്തത് ആയിരത്തോളം ആളുകളാണ്. രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്ക്. കൃഷ്ണയും അനൗഷ്‌കയും. 

നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കുടുംബമാണ് ഋഷിയുടേത്. ആഡംബര ജീവിതത്തിനും നികുതി വെട്ടിപ്പിനും പഴികേട്ടു. രാജ്യത്തിന് പുറത്തുനിന്നുള്ള വരുമാനത്തിന് അഷത നികുതി അടയ്ക്കുന്നില്ലെന്ന് ബ്രിട്ടനില്‍ വിവാദമായുര്‍ന്നിരുന്നു. ബ്രിട്ടനില്‍ സ്ഥിരതാമസ പദവിയില്ലാത്ത അക്ഷതയ്ക്ക് പുറത്തുനിന്നുള്ള വരുമാനത്തിന് നികുതിയിളവുണ്ടായിരുന്നു. ഈ ഇളവ് ഋഷി സുനക് മുതലെടുക്കുന്നു എന്നായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ ആരോപണം. തുടര്‍ന്ന് തന്റെ വിദേശ വരുമാനങ്ങള്‍ക്കും ബ്രിട്ടനിലെ നിയമം അനുസരിച്ചുള്ള നികുതി അടയ്ക്കുമെന്ന് വ്യക്തമാക്കി അക്ഷത രംഗത്തെത്തി.

ധനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഡൗണിങ് സ്ട്രീറ്റിലെ 11-ാം നമ്പര്‍ വസതി ഒഴിഞ്ഞ് ഋഷി ലണ്ടനിലെ കുടുംബവീട്ടിലെത്തിയിരുന്നു. ഇവിടെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചായ നല്‍കിയ അക്ഷിത വീണ്ടും വിവാദത്തില്‍ പെട്ടു. അക്ഷത നല്‍കിയ ചായകപ്പുകളില്‍ 'എമ്മ ലേസി' എന്ന ബ്രാന്‍ഡിന്റെ പേര് ഉണ്ടായിരുന്നു. ഈ ഓരോ കപ്പിനും 3624.53 രൂപയാണ് വില. അതായത് 38 പൗണ്ട്. ഇതോടെ, ഇവരുടെ ആഡംബര ജീവിതത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ അക്ഷത തയ്യാറായില്ല. 

ഋഷിയും അക്ഷതയും ചേര്‍ന്നുള്ള സമ്പാദ്യം 6,800 കോടി രൂപ വരും. ചാള്‍സ് മൂന്നാമന്റെ സമ്പാദ്യം 2,800 കോടിയാണ്. ലോകത്തിന്റെ പലഭാഗങ്ങളിലായി ദമ്പതിമാര്‍ക്ക് സമ്പാദ്യമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com