ഹിജാബ് കീറിയെറിഞ്ഞ് കത്തിച്ചു, തെരുവുകളില്‍ മുടിമുറിച്ച് സ്ത്രീകള്‍; മഹ്‌സയുടെ മരണത്തില്‍ ഇറാനില്‍ പ്രതിഷേധം ഇരമ്പുന്നു (വീഡിയോ)

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനില്‍ പൊലീസ് അറസ്റ്റുചെയ്ത യുവതി മരിച്ചതില്‍ പ്രതിഷേധം പടരുന്നു
പ്രതിഷേധത്തില്‍ നിന്ന്, മഹ്‌സ അമീനി
പ്രതിഷേധത്തില്‍ നിന്ന്, മഹ്‌സ അമീനി


ടെഹ്റാന്‍: ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനില്‍ പൊലീസ് അറസ്റ്റുചെയ്ത യുവതി മരിച്ചതില്‍ പ്രതിഷേധം പടരുന്നു. ഇറാന്റെ പലഭാഗങ്ങളിലും സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു. 'ഏകാധിപതിക്ക് മരണം' എന്ന മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്. ചിലര്‍ മുടിമുറിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സ്ത്രീകള്‍ തല മറയ്ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ് ഇറാനില്‍.

പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം വരികയായിരുന്ന 22കാരിയായ മഹ്‌സ അമീനി എന്ന യുവതിയെയാണ് തല ശരിയായി മറച്ചില്ലെന്നപേരില്‍ ചൊവ്വാഴ്ച ഇറാനിയന്‍ മത പൊലീസ് അറസ്റ്റുചെയ്തത്. പൊലീസ് വാനിനുള്ളില്‍ ഇവരെ മര്‍ദിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, പൊലീസ് ഇതു നിഷേധിച്ചു. അറസ്റ്റുചെയ്ത് മണിക്കൂറുകള്‍കഴിഞ്ഞ് മഹ്‌സയെ കസ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമുണ്ടായതിനാല്‍ ആശുപത്രിയിലാക്കി എന്ന പൊലീസിന്റെ വാദം ബന്ധുക്കള്‍ തള്ളിക്കളഞ്ഞു. വെള്ളിയാഴ്ച യുവതി മരിച്ചതോടെ രാജ്യമെങ്ങും പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com