ബാഖ്മുതില്‍ റഷ്യന്‍ പതാക നാട്ടി വാഗ്നര്‍ സേന; പിടിച്ചെടുത്തതായി പ്രഖ്യാപനം, കൂട്ട പലായനം 

കിഴക്കന്‍ യുക്രൈന്‍ നഗരമായ ബാഖ്മുതില്‍ റഷ്യന്‍ പതാക നാട്ടി റഷ്യയുടെ പാരാമിലിട്ടറി സംഘം വാഗ്നര്‍ ഗ്രൂപ്പ്
ബാഖ്മുതില്‍ നിന്ന് പലായനം ചെയ്യുന്നവര്‍/ എഎഫ്പി
ബാഖ്മുതില്‍ നിന്ന് പലായനം ചെയ്യുന്നവര്‍/ എഎഫ്പി

കിഴക്കന്‍ യുക്രൈന്‍ നഗരമായ ബാഖ്മുതില്‍ റഷ്യന്‍ പതാക നാട്ടി റഷ്യയുടെ പാരാമിലിട്ടറി സംഘം വാഗ്നര്‍ ഗ്രൂപ്പ്. ബാഖ്മുത് നഗരം റഷ്യ പിടിച്ചെടുത്തതായി വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവാഗ്നി പ്രിഗോസിം അവകാശപ്പെട്ടു.

എന്നാല്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ അവകാശവാദം യുക്രൈന്‍ സേന തള്ളിക്കളഞ്ഞു. അതേസമയം, ബാഖ്മുതില്‍ നിന്ന് വന്‍തോതിലുള്ള പലായനമാണ് നടക്കുന്നത്. നഗരവാസികളില്‍ ഏറിയപങ്കും നഗരം ഉപേക്ഷിച്ച് അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

നിര്‍ണായകം, ബാഖ്മുത്

കഴിഞ്ഞ ഫെബ്രുവരി 24ന് റഷ്യ യുക്രൈന്‍ അധിനിവേശം നടത്തിയത് മുതല്‍ ഏറ്റവും രക്തരൂക്ഷിത പോരാട്ടം നടന്ന മേഖലയാണ് ബാഖ്മുത്. യുക്രൈനിലെ തന്ത്രപ്രധാന മേഖലയാണ് ഇത്. യുക്രൈനിലെ വ്യാവസായി ഹൃദയഭൂമിയായ ഡോണ്‍ബാസ് എന്നറിയപ്പെടുന്ന ഡോണ്‍ടെസ്‌ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബാഖ്മുത്, പ്രധാന ജിപ്‌സം ഖനന മേഖലയാണ്. ബാഖ്മുത് പിടിച്ചെടുത്താല്‍, റഷ്യയ്ക്ക് കൂടുതല്‍ സൗകര്യപ്രദമായി യുക്രൈന്റെ മറ്റു മേഖലകളിലേക്ക് പ്രവേശിക്കാം. അതിനാല്‍ ഇവിടെ വന്‍ ചെറുത്തുനില്‍പ്പാണ് യുക്രൈന്‍ സൈന്യം നടത്തിവന്നത്. നഗരത്തിന്റെ മൂന്നു അതിര്‍ത്തികളില്‍ നിന്നും റഷ്യന്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു.

2014ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തതിന് പിന്നാലെ, റഷ്യയുടെ പിന്തുണയോടെ വിമതര്‍ ബാഖ്മുത് പിടിച്ചെടുത്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ യുക്രൈന്‍ സൈന്യം നഗരം തിരിച്ചുപിടിച്ചു. 

പതാക ഉയര്‍ത്തിയെന്ന് വാഗ്നര്‍, നിഷേധിച്ച് യുക്രൈന്‍

ബാഖ്മുതിലെ സിറ്റി ഹാളില്‍ ഞായറാഴ്ച റഷ്യന്‍ പതാക ഉയര്‍ത്തിയെന്നാണ് വാഗ്നര്‍ ഗ്രൂപ്പ് അവകാശപ്പെടുന്നത്. അതേസമയം, നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ യുക്രൈന്‍ സേന ഇപ്പോഴും അവശേഷിക്കുന്നതായും വാഗ്നര്‍ മേധാവി വ്യക്തമാക്കി. 'ബാഖ്മുത് റഷ്യ നിയമപരമായി സ്വന്തമാക്കി. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശത്രുക്കര്‍ കേന്ദ്രീകരിച്ചിട്ടുണ്ട്'- വാഗ്നര്‍ മേധാവി പറഞ്ഞു. 

പ്രധാന നഗരത്തിന് ചുറ്റും ഇപ്പോഴും യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് യുക്രൈന്‍ സൈന്യത്തിന്റെ വിശദീകരണം. ബാഖ്മുത് യുക്രൈന്റെ ഭാഗമായി തുടരുകയാണെന്നും വാഗ്നര്‍ സേന ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും യുക്രൈന്‍ ഈസ്റ്റേണ്‍ മിലിട്ടറി കമാന്‍ഡ് വക്താവ് വ്യക്തമാക്കി. 

'നേരത്തെ രക്ഷപ്പെടേണ്ടതായിരുന്നു'

ബാഖ്മുതില്‍ നിന്ന് കൂട്ട പലായനം തുടരുകയാണ്. 'നേരത്തെ തന്നെ ഞങ്ങള്‍ നഗരം വിടേണ്ടതായിരുന്നു' എന്ന് പലായനം ചെയ്ത വനിത വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. 70,000 പേരാണ് യുദ്ധത്തിന് മുന്‍പ് നഗത്തിലുണ്ടായിരുന്നത്. 1000ത്തിനും 5000ത്തിനും ഇടയില്‍ ആളുകള്‍ മാത്രമാണ് നഗരത്തില്‍ ബാക്കിയുള്ളത് എന്നാണ് യുക്രൈന്‍ സേനതന്നെ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com