ഒരുകാലത്ത് പൂക്കളുടെ നഗരം; ഇന്ന് ഭീകരവാദത്തിന്റെ വിളനിലം, പെഷവാറില്‍ സംഭവിച്ചതെന്ത്? 

തൊണ്ണൂറുകളുടെ തുടക്കത്തില്‍ പാകിസ്ഥാനിലെ പ്രധാനപ്പെട്ട വാണിജ്യ നഗരം. എന്നാല്‍ നാലു പതിറ്റാണ്ടായി, ഭീകര പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പെഷവാര്‍ അറിയപ്പെടുന്നത്
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബം/ എഎഫ്പി
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബം/ എഎഫ്പി


പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണം പാകിസ്ഥാനെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. നൂറു പേര്‍ കൊല്ലപ്പെടുകയും 200ന് പുറത്ത് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണം, സമീപകാലത്ത് പാകിസ്ഥാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണ്. ഒരുകാലത്ത് 'പൂക്കളുടെ നഗരം' എന്നറിയിപ്പെട്ടിരുന്ന പെഷവാര്‍, ഇന്ന് ഭീകരവാദത്തിന്റെ വിളനിലമാണ്. 

തൊണ്ണൂറുകളുടെ തുടക്കത്തില്‍ പാകിസ്ഥാനിലെ പ്രധാനപ്പെട്ട വാണിജ്യ നഗരം. എന്നാല്‍ നാലു പതിറ്റാണ്ടായി, ഭീകര പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പെഷവാര്‍ അറിയപ്പെടുന്നത്. അഫ്ഗാനിസ്ഥാനുമായി 30 കിലോമീറ്റര്‍ ദൂരം മാത്രമാണ് പെഷവാറിനുള്ളത്. എണ്‍പതുകളില്‍ സോവിയറ്റ്-അമേരിക്ക ശീതയുദ്ധത്തില്‍ അമേരിക്കയ്‌ക്കൊപ്പം ചേരാനുള്ള അന്നത്തെ ഭരണാധികാരി സിയ ഉള്‍ഹഖിന്റെ തീരുമാനമാണ് പൂക്കളുടെ നഗരത്തെ ഭീകരവാദത്തിന്റെ സങ്കേതമാക്കി മാറ്റിയ ദുര്‍വിധിയിലേക്ക് നയിച്ചത്. 

അമേരിക്ക നട്ടുനനച്ച 'വിഷവിത്ത്'

സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശത്തിന് എതിരെ യുദ്ധം ചെയ്യാനെത്തിയ സിഐഎയുടെയും അമേരിക്കന്‍ സൈനികരുടെയും ബേസ് ക്യാമ്പായി പെഷവാര്‍ മാറി. സോവിയറ്റ് സേനയ്ക്ക് എതിരെ പോരാടുന്ന അഫ്ഗാന്‍ മുജാഹിദീനുകള്‍ക്ക് പരിശീലനം നല്‍കാനും സാമ്പത്തിക സഹായം നല്‍കാനുമുള്ള കേന്ദ്രമാക്കി അമേരിക്കന്‍ സൈന്യം പെഷവാറിനെ ഉപയോഗിച്ചു. നഗരത്തിലേക്ക് ആയുധങ്ങളും മുജാഹിദീനുകളും വന്‍ തോതില്‍ ഒഴുകിയെത്തി. ഒപ്പം അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹവുമുണ്ടായി. ഒസാമ ബിന്‍ ലാദന്റെ നേതൃത്വത്തില്‍ അറബ് ഭീകര സംഘടന പ്രവര്‍ത്തകര്‍ പിന്നാലെയിത്തി. 1990കളില്‍ ബിന്‍ ലാദന്‍ അല്‍ ഖ്വയ്ദയ്ക്ക് രൂപം നല്‍കിയത് പെഷവാറില്‍ വെച്ചായിരുന്നു. 

ആക്രമണത്തില്‍ തകര്‍ന്ന പള്ളി/എഎഫ്പി
 

1980ല്‍ സോവിയറ്റ് സൈന്യം അഫ്ഗാന്‍ വിട്ടു. അഫ്ഗാനില്‍ അമേരിക്ക ആധിപത്യം സ്ഥാപിച്ചു. ഇതോടെ അവര്‍ മുജാഹിദീനുകളെ കയ്യൊഴിഞ്ഞു. ഇവിടെനിന്ന് ആരംഭിക്കുന്നു പെഷവാറിന്റെ കഷ്ടകാലം. പെഷവാര്‍ കേന്ദ്രീകരിച്ച് താലിബാന്‍ വളര്‍ന്നുവരികയായിരുന്നു. ഖ്വാട്ടയിലും പെഷവാറിലും വേരൂന്നാനുള്ള താലിബാന്റെ ശ്രമത്തിന് പാക് സര്‍ക്കാര്‍ പിന്തുണ നല്‍കി. പെഷവാര്‍ കേന്ദ്രീകരിച്ച് പടനയിച്ച താലിബാന്‍ 90കളില്‍ അഫ്ഗാനില്‍ ഭരണം പിടിച്ചു. വേള്‍ഡ് ട്രേഡ് സെന്‍ഡര്‍ ആക്രണത്തിന് ശേഷം, അല്‍ഖ്വയ്ദയെ തുരത്തുക എന്ന ലക്ഷ്യത്തോടെ അഫിഗാനിലേക്ക് 2001ല്‍ അമേരിക്ക രണ്ടാമതും വരുന്നതുവരെ താലിബാന്‍ ഭരണം തുടര്‍ന്നു. പെഷവാറിന് അരികിലുള്ള മലനിരകളിലേക്ക് താലിബാന്‍ പിന്‍വലിഞ്ഞു. പെഷവാറിലെ ഗോത്രമേഖലയില്‍ ഭീകരവാദം ശക്തിപ്പെട്ടു.

ഇവിടെ വളര്‍ന്നുവന്ന ഭീകരവാദ ഗ്രൂപ്പുകളില്‍ ചിലതിന് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ചിലത് പിന്നീട് പാക് സര്‍ക്കാരിന് എതിരെതന്നെ തിരിഞ്ഞു. അല്‍ഖ്വയ്ദയെ ലക്ഷ്യം വെച്ച് മേഖലയില്‍ അമേരിക്ക നടത്തിവന്ന അമിതമായ വ്യോമാക്രമണമാണ് ഇവരെ പാകിസ്ഥാന്‍ സര്‍ക്കാരിന് എതിരെ തിരിച്ചത്. പെഷവാര്‍ പള്ളിയില്‍ സ്‌ഫോടനം നടത്തിയ തെഹ്‌രിഖ്-ഇ- താലിബാന്‍ പാകിസ്ഥാന്റെ ഉദയം ഇങ്ങനെയാണ്. 2000മുതല്‍ 2010വരെ ഈ ഭീകരവാദ ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സാധരണ ജനതയ്ക്കും എതിരെ വ്യാപകമായ ആക്രമണമാണ് നടത്തിയത്. 2014ല്‍ പാക് താലിബാനും സുരക്ഷാ സേനയും തമ്മില്‍ രക്തരൂക്ഷിതമായ പോരാട്ടം നടന്നു. സൈനിക സ്‌കൂളിലേക്ക് പാക് താലിബാന്‍ നടത്തിയ ബോംബാക്രമണത്തില്‍ 150പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഏറെയും വിദ്യാര്‍ത്ഥികളായിരുന്നു. 

ചിത്രം: എഎഫ്പി
 

2014ലെ സൈനിക സ്‌കൂള്‍ ആക്രമണത്തിന് ശേഷം, പാക് താലിബാന് എതിരെ പാക് സൈന്യം വന്‍തോതിലുള്ള പ്രത്യാക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് പാക് താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വലിയ തോതിലുള്ള സൈനിക വിന്യാസവും കനത്ത സുരക്ഷാ പരിശോധനകളും മേഖലയില്‍ മാറിമാറിവന്ന പാക് സര്‍ക്കാരുകള്‍ നടപ്പിലാക്കി. 

2022ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ, പാക് താലിബാന്‍ വീണ്ടും തലപൊക്കി. അഫ്ഗാന്‍ താലിബാനാണ് പാക് താലിബാന് പണവും ആയുധങ്ങളും നല്‍കുന്നതെന്നാണ് പാകിസ്ഥാന്‍ സൈന്യം പറയുന്നത്. ഇത് നിര്‍ത്തിയില്ലെങ്കില്‍ വന്‍തോതിലുള്ള പ്രത്യാക്രമണം ഉണ്ടാകുമെന്നും പാക് സൈനിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഭൂമിശാസ്ത്രപരമായി ഏറെ പ്രധാനപ്പെട്ട ഒരുമേഖലയാണ് പെഷവാര്‍. മധ്യേഷ്യയ്ക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള പ്രധാന ജങ്ഷന്‍ എന്നുവേണമെങ്കില്‍ പറയാം. ഏഷ്യയിലെ ഏറ്റവും പ്രായമുള്ള നഗരങ്ങളിലൊന്ന്. മുഗള്‍ സാമ്രാജ്യ കാലംമുതല്‍ സൈനിക നീക്കങ്ങള്‍ നടന്നുവന്ന പാത. പ്രദേശത്തിന്റെ പ്രത്യേകകള്‍ കൃത്യമായി അറിയാവുന്ന ഭീകര സംഘടനകള്‍ മേഖലയ്ക്ക് മേല്‍ സ്വീധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com