പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു
പര്‍വേസ് മുഷറഫ് ,ഫയല്‍ ചിത്രം
പര്‍വേസ് മുഷറഫ് ,ഫയല്‍ ചിത്രം

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. യുഎഇയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നീണ്ടക്കാലമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അമിലോയിഡോസിസ് എന്ന അപൂര്‍വ്വ രോഗം ബാധിച്ചതിനെ തുടര്‍ന്ന് 2016 മുതലാണ് ദുബൈയില്‍ ചികിത്സ തേടിയത്. അപൂര്‍വ്വമായി കണ്ടുവരുന്ന മജ്ജ രോഗമാണ് അമിലോയിഡോസിസ്. ശരീരകലകളില്‍ അമ്ലോയിഡ് ഫൈബ്രില്‍സ് എന്നറിയപ്പെടുന്ന പ്രോട്ടീനുകള്‍ അധികമാവുന്ന ഒരു കൂട്ടം രോഗങ്ങളാണ് അമിലോയിഡോസിസ്. ജൂണില്‍ പര്‍വേഷ് മുഷറഫ് മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കുടുംബം ആരോപണം നിഷേധിക്കുകയായിരുന്നു. എന്നാല്‍ പര്‍വേസ് മുഷറഫിന്റെ ആന്തരികാവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന കാര്യം അന്ന് തന്നെ കുടുംബം വെളിപ്പെടുത്തിയിരുന്നു.

പാക് സൈനിക മേധാവിയായിരുന്ന പര്‍വേസ് മുഷറഫ് 1999 ഒക്ടോബര്‍ 12നു നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വര്‍ഷം വിദേശത്ത് താമസിച്ച മുഷറഫ് 2013 മാര്‍ച്ച് മാസത്തില്‍ പാകിസ്ഥാനിലേക്ക് തിരിച്ചെത്തി. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ നീക്കം ഫലം കണ്ടില്ല.

2007 ല്‍ പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തില്‍ ജഡ്ജിമാരെ തടവില്‍ പാര്‍പ്പിച്ചെന്ന കുറ്റത്തിന് 2013 ഏപ്രില്‍ മാസത്തില്‍ അദ്ദേഹത്തെ  പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. ഈ ഫാം ഹൗസും വീടും പിന്നീട് പൊലീസ് സബ് ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com