'ഭർത്താവിന്റെ അഴുക്കുപിടിച്ച സോക്‌സ് കണ്ടാൽ എന്തു ചെയ്യണം?'  മലാലയുടെ ട്വീറ്റിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ച  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2023 08:09 AM  |  

Last Updated: 06th February 2023 08:14 AM  |   A+A-   |  

Collage_Maker-06-Feb-2023-08

മലാല യൂസഫ്സായി / ചിത്രം ഫേസ്ബുക്ക്

നുഷ്യാവകാശ പ്രവർത്തകയും നൊബേൽ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായി കഴിഞ്ഞ ദിവസം ഭർത്താവ് അസർ മാലിക്കിന്റെ 
അഴുക്കുപിടിച്ച സോക്‌സ് സോഫയിൽ കിടന്നതിനെ കുറിച്ചുള്ള പോസ്റ്റ് വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ ചേരിതിരിഞ്ഞ് ചർച്ച ചൂടുപിടിക്കുകയാണ്. 2021 നവംബറിലാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലിക്കുമായി മലാല വിവാഹിതയാകുന്നത്. 

ഭർത്താവിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ മലാല സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. എന്നാൽ ഭർത്താവിന്റെ അഴുക്കുപിടിച്ച സോക്‌സ് വേസ്റ്റ് ബിന്നിൽ വലിച്ചെറിഞ്ഞുവെന്ന മലാലയുടെ ട്വീറ്റ് നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ട്വീറ്റിൽ അസറിനെയും മലാല ടാ​ഗ് ചെയ്തിരുന്നു. 'സോക്‌സ് സോഫയിൽ കിടക്കുന്നത് കണ്ടു. അത് അസ്സർ മാലിക്കിന്റേത് ആണോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. അതെ എന്ന് മറുപടി നൽകി. ഒപ്പം എന്നോട് അത് എടുത്തു മാറ്റാനും പറഞ്ഞു. ഞാൻ അത് എടുത്ത് വേസ്റ്റ് ബിന്നിൽ ഇട്ടു' മലാല ട്വീറ്റിൽ പറയുന്നു.

തൊട്ടുപിന്നാലെ ട്വീറ്റിന് താഴെ ഒരു പോൾ തന്നെ ഉണ്ടാക്കി അസറും രം​ഗത്തെത്തി. സോഫയിൽ അഴുക്കുപിടിച്ച സോക്‌സ് കണ്ടാൽ നിങ്ങൾ എന്താണ് ചെയ്യുക. രണ്ട് ഓപ്‌ഷനുകളുണ്ട്. ഒന്ന് അത് അലക്കാനിടും രണ്ട് അത് വേസ്റ്റ് ബിന്നിലിടും. എന്നാൽ പോളിൽ പങ്കെടുത്ത 57 ശതമാനം ആളുകളും മലാലയ്‌ക്കൊപ്പമാണ് നിന്നത്. 1.2 മില്യൺ ആളുകളാണ് ട്വീറ്റ് കണ്ടത്. എണ്ണായിരത്തോളം ആളുകളാണ് ട്വീറ്റിന് ലൈക്ക് ചെയ്‌തത്. നിരവധി പേർ റീട്വീറ്റും കമന്റും ചെയ്‌തു. മലാലയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും.

ബിർമിങ്ങാമിലെ സ്വന്തം വസതിയിൽ വച്ചാണ് ഇരുപത്തി അഞ്ചുകാരിയായ മലാല വിവാഹിതയായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ന് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാൻ തീരുമാനിച്ചു എന്ന കുറിപ്പോടെയാണ് മലാല അന്ന് ചിത്രങ്ങൾ പങ്കുവെച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

ഗുണ്ടാവേട്ടയുമായി പൊലീസ്; 'ഓപ്പറേഷന്‍ ആഗ്' ഇന്നും തുടരും; രണ്ടു ദിവസത്തിനിടെ പിടിയിലായത് 2507 പേര്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ