''ഞാനാണോ അച്ഛനെന്ന് ആര്‍ക്കറിയാം?'; ചാള്‍സിന്റെ ക്രൂരമായ തമാശ, ഡയാനയുടെ പ്രണയം; ബ്രിട്ടിഷ് രാജകുടുംബത്തെ വിവാദത്തില്‍ മുക്കി ഹാരി'
ബ്രിട്ടിഷ് രാജകുടുംബത്തെ വീണ്ടും വിവാദത്തിലേക്കു തള്ളിവിട്ട് ഹാരി രാജകുമാരന്റെ ആത്മകഥ. സഹോദരനും കിരീടാവകാശിയുമായ വില്യവുമായുള്ള ഭിന്നത ഉള്‍പ്പെടെ നിരവധി വിവാദ വെളിപ്പെടുത്തലുകളുള്ള ആത്മകഥയിലെ പ്രസക്ത ഭാഗങ്ങള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. 1995ലെ ഡയാന രാജകുമാരിയുടെ വിവാദമായ ബിബിസി ഇന്റര്‍വ്യൂവിനു സമാനമാണ് ഹാരിയുടെ ആത്മകഥ സ്‌പെയര്‍ (പകരക്കാരന്‍) എന്നാണ് വിലയിരുത്തപ്പെടുന്നത്.
കുട്ടിക്കാലം മുതൽ രാജകുടുംബത്തിൽ നിന്നും അനുഭവിച്ച വിവേചനവും അവഗണനയും ഹാരി ആത്മകഥയില്‍ പറയുന്നുണ്ട്. തന്നോടും സഹോദരൻ വില്യം രാജകുമാരനോടും കുടുംബം രണ്ട് രീതിയിലാണ് നിലപാടെടുത്തിരുന്നത്. 2019 ൽ ലണ്ടൻ വസതിയിൽ സഹോദരനുമായിയുണ്ടായ ഒരു തർക്കത്തെ കുറിച്ച് ഹാരി പുസ്തകത്തിൽ വിവരിക്കുന്നുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹാരിയുടെ ലണ്ടനിലെ വസതിയിൽ വച്ച് വാക്കുതർക്കത്തിനിടെ മേഗനെ വില്യം ആക്ഷേപിക്കുകയും ഹാരിയുടെ കോളറിന് കുത്തിപ്പിടിച്ച് നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. ''നായയ്ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിലേക്കാണ് താൻ വീണത്. പാത്രം പൊട്ടി എനിക്ക് പരിക്കേറ്റു. പിന്നീട് താൻ വില്യമിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. തിരിച്ചടിക്കാൻ വില്യം വെല്ലുവിളിച്ചെങ്കിലും അത് ചെയ്തില്ല.'' സംഭവത്തിൽ കുറച്ചു സമയത്തിന് ശേഷം വില്യം സഹോദരനോടു മാപ്പു ചോദിച്ചതായും ഹാരി വെളിപ്പെടുത്തിയതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ബ്രിട്ടീഷ് രാജാവായ ചാൾസ് മൂന്നാമന്റെയും അന്തരിച്ച ഡയാന രാജകുമാരിയുടേയും മക്കളാണ് വില്യമും ഹാരിയും. സഹോദരങ്ങൾക്കിടെയുള്ള പ്രശ്നങ്ങൾ മുൻപ് പല തവണ വാർത്തയായിട്ടുണ്ടെങ്കിലും ഹാരിയുടെ ആത്മകഥ പുറത്തിറങ്ങുന്നതോടെ രാജകുടുംബത്തിൽ വീണ്ടും ഒരു കോളിളക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
പുസ്തകത്തിലെ പ്രധാന വെളിപ്പെടുത്തലുകൾ
ചാൾസും കാമിലയുമായുള്ള വിവാഹം
കാമില പാർക്കറിനെ വിവാഹ ചെയ്യരുതെന്ന് പിതാവിനോട് താനും വില്യമും മുൻപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പിതാവിന്റെ സന്തോഷം ആഗ്രഹിച്ച് ആ തീരുമാനത്തിൽ നിന്നും പിൻമാറുകയായിരുന്നു. അമ്മയുടെ സ്ഥാനം മറ്റൊരാൾക്ക് നൽകുന്നതിൽ വിഷമം തോന്നിയിരുന്നെങ്കിലും ആ തീരുമാനം ആവശ്യമാണെന്ന് തോന്നി.
ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്
2005ൽ വില്യമിന്റെയും ഭാര്യ കേറ്റിന്റെയും നിർബന്ധത്തിന് വഴങ്ങി താൻ ഒരു ഫാൻസി ഡ്രസ് പാർട്ടിയിൽ നാസിയുടെ വേഷത്തിൽ എത്തിയതാണ് ജീവിതത്തിൽ താൻ ചെയ്ത ഏറ്റവും വലിയ ഒരു തെറ്റ്. അതിനെ കുറിച്ചും ഹാരി സ്പെയറിൽ വിശദീകരിക്കുന്നുണ്ട്.
മാധ്യമങ്ങൾ പ്രചരിപ്പിച്ച അച്ഛനെ കുറിച്ചുള്ള കഥകൾ
കൊട്ടാരത്തിലെ അംഗരക്ഷകനായ മേജർ ജെയിംസ് ഹെവിറ്റുമായി അമ്മ ഡയാന രാജകുമാരിക്ക് ഉണ്ടായിരുന്ന ബന്ധവും ഇരുവരുടേയും മകനാണ് ഹാരിയെന്നു പിതാവ് ചാൾസ് തമാശ പറയുമായിരുന്നെന്നു ഹാരി ആത്മകഥയിൽ പറയുന്നു. ''ഞാന്‍ തന്നെയാണോ യഥാര്‍ഥ വെയ്ല്‍സ് രാജകുമാരന്‍? ഞാന്‍ തന്നെയാണോ നിന്റെ യഥാര്‍ഥ പിതാവ്? ആര്‍ക്കറിയാം. പിന്നെയും പിന്നെയും ചിരിച്ചുകൊണ്ട് അദ്ദേഹം പറയും'' -ഹാരിയുടെ വാക്കുകള്‍.
ഹാരി-മേഗൻ വിവാഹം
ഹാരി മേഗൻ വിവാഹ വേദിയെ ചൊല്ലിയും കൊട്ടാരത്തിൽ തർക്കം ഉണ്ടായിരുന്നു. മേഗനുമായുള്ള വിവാഹം വെസ്റ്റ് മിനിസ്റ്റർ അബ്ബെയിലെ സെന്റ്.പോൾ കത്തിട്രലിൽ നടത്തണമെന്ന ഹാരിയുടെ ആവശ്യം വില്യം എതിർത്തിരുന്നു. ഡയാന-ചാൾസ്, വില്യം-കേറ്റ് ദമ്പതികളുടെ വിവാഹ വേദിയായിരുന്ന ഇടത്ത് ഹാരിയുടേയും മേഗന്റെയും വിവാഹം നടത്താൻ കഴിയില്ലെന്ന് വില്യം വാശിപിടിച്ചു. പകരം ഇംഗ്ലണ്ടിലെ ചാൾസ് വസതിക്ക് സമീപത്തെ ഒരു ഗ്രാമത്തിലെ ചാപ്പലിൽ വിവാഹം നടത്താനാണ് വില്യം പറഞ്ഞതെന്നും ഹാരി പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നാണ് റിപ്പോട്ട്. 2018 മെയ് വിൻസ്റ്റർ കാസ്റ്റലിൽ സെന്റ്. ജോർജ് ചാപ്പലിൽ വെച്ചാണ് ഹാരിയും മേഗനും വിവാഹിതരായത്.
17 വയസുമുതലുള്ള ലഹരി ഉപയോഗം
17-ാം വയസിലായിരുന്നു ആദ്യമായി ലഹരി ഉപയോഗിച്ചത്. അന്ന് ആരോ കൊക്കേയിൻ വലിക്കാൻ തന്നു. പിന്നീട് പലപ്പോഴായും കൊക്കെയിൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ലഹരി ഉപയോഗിച്ചിരുന്നെന്ന കാര്യം മുൻപ് ഹാരി തന്നെ നിഷേധിച്ചിരുന്നു.
ലഹരി എന്നെ സന്തോഷവാനാക്കിയിട്ടില്ല. എന്നാൽ അത് എന്നെ വ്യത്യസ്തമായി അനുഭവപ്പെടുത്തി അതായിരുന്നു എനിക്ക് വേണ്ടത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ചട്ടക്കൂടുകളെ മാറ്റിമറിക്കാൻ കൊതിക്കുന്ന ഒരു 17കാരനായിരുന്നു അന്ന് ഞാൻ. സുരക്ഷാ ഉദ്യോഗസ്ഥർ പുറത്ത് പെട്രോളിങ് നടത്തുമ്പോൾ താൻ കുളിമുറിയിൽ കയറി കഞ്ചാവ് വലിക്കുമായിരുന്നെന്നും ഹാരി തുറന്ന് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

