'ഭരണകൂടത്തിന് എതിരെ പ്രവര്‍ത്തിച്ചു'; മുന്‍ പ്രസിഡന്റിന്റെ മകള്‍ക്ക് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇറാന്‍

ഇറാന്‍ മുന്‍ പ്രസിഡന്റ് അക്ബര്‍ ഹഷെമി റഫ്‌സാഞ്ചനിയുടെ മകളും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഫായിസെ ഹഷെമി റഫ്‌സാഞ്ചനിയെ അഞ്ചു വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ച് ഇറാന്‍ കോടതി
ഫായിസെ ഹഷെമി റഫ്‌സാഞ്ചനി മുന്‍പ് അറസ്റ്റിലായപ്പോള്‍/എഎഫ്പി
ഫായിസെ ഹഷെമി റഫ്‌സാഞ്ചനി മുന്‍പ് അറസ്റ്റിലായപ്പോള്‍/എഎഫ്പി

ടെഹ്‌റാന്‍: ഇറാന്‍ മുന്‍ പ്രസിഡന്റ് അക്ബര്‍ ഹഷെമി റഫ്‌സാഞ്ചനിയുടെ മകളും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഫായിസെ ഹഷെമി റഫ്‌സാഞ്ചനിയെ അഞ്ചു വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ച് ഇറാന്‍ കോടതി. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ഫായിസെ, ഭരണകൂടത്തിന് എതിരെ പ്രവര്‍ത്തിച്ചെന്ന കുറ്റം ചുമത്തിയാണ് ജയിലില്‍ അടച്ചത്. 

കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് ഫായിസെയെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫായിസെയെ അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും ഈ വിധി അന്തിമമല്ലെന്ന് ഇറാന്‍ ഡിഫന്‍സ് ലോയര്‍ നെദ ഷാംസ് ട്വിറ്ററില്‍ കുറിച്ചു. ഫായിസെയ്ക്ക് തടവ് ശിക്ഷ വിധിച്ചത് ഇറാന്‍ അര്‍ധ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഐഎസ്എന്‍എയും സ്ഥിരീകരിച്ചിട്ടുണ്ട്. 

രാജ്യവിരുദ്ധ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് 2012ലും ഇവരെ ഇറാന്‍ സര്‍ക്കാര്‍ ജയിലില്‍ അടിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് വിലക്കും ഏര്‍പ്പെടുത്തി. 

ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ അക്ബര്‍ ഹഷെമി റഫ്‌സാഞ്ചനി 2017ലാണ് അന്തരിച്ചത്. 1989മുതല്‍ 1997വരെയാണ് അക്ബര്‍ പ്രസിഡന്റ് സ്ഥാനത്തിരുന്നത്. പാശ്ചാത്യ രാജ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ തുറന്ന സമീപനവും ഉദാര സാമ്പത്തിക നയങ്ങളും അക്ബറിന്റെ ഭരണകാലത്ത് ഒരുപോലെ വിമര്‍ശവും പിന്തുണയും നേടിയിരുന്നു. 

ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനായി ഇറാന്‍ വ്യാപകമായി അറസ്റ്റും വധശിക്ഷയും നടപ്പാക്കുന്നുണ്ട്. മൂന്നു പ്രക്ഷോഭകാരികള്‍ക്ക് തിങ്കളാഴ്ച വധശിക്ഷ വിധിച്ചിരുന്നു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലാണ് മൂന്നുപേര്‍ക്ക് ഇറാന്‍ കോടതി വധശിക്ഷ വിധിച്ചത്. ഇതോടെ, പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വധശിക്ഷ ലഭിച്ചവരുടെ എണ്ണം 17 ആയി.ഇതില്‍ നാലുപേരെ ഇതിനോടകം വധിച്ചിട്ടുണ്ട്. രണ്ടുപേരെ ശനിയാഴ്ചയാണ് വധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com