ചെ ഗുവേരയെ പിടിച്ച ബൊളീവിയന്‍ ജനറല്‍ അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th May 2023 09:19 AM |
Last Updated: 09th May 2023 09:19 AM | A+A A- |

ഗാരി പ്രാദോ സാല്‍മണ്‍, ഫോട്ടോ: ട്വിറ്റർ
ലാപാസ്: ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയെ പിടികൂടിയ ബൊളീവിയന്‍ ജനറല്‍ ഗാരി പ്രാദോ സാല്‍മണ്‍ (84) അന്തരിച്ചു. 1967ല്‍ ഗാരി പ്രാദോ സാല്‍മണ്‍ നേതൃത്വം നല്‍കിയ സൈനിക നടപടിയിലൂടെയാണ് ചെ ഗുവേരയെ പിടികൂടിയത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയായിരുന്നു സൈനിക നടപടി. ചെ ഗുവേരയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവത്തെയാണ് സൈനിക നടപടിയിലൂടെ ഗാരി പ്രാദോ സാല്‍മണ്‍ പരാജയപ്പെടുത്തിയത്.
ഈസമയത്ത് വലതുപക്ഷ സൈനിക സര്‍ക്കാരായിരുന്നു ബൊളീവിയ ഭരിച്ചിരുന്നത്. ചെ ഗുവേരയെ പിടികൂടിയ ഗാരി പ്രാദോ സാല്‍മണിനെ ദേശീയനായകനായാണ് അന്നത്തെ ബൊളീവിയന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്.
ക്യൂബന്‍ വിപ്ലവത്തില്‍ ഫിഡല്‍ കാസ്‌ട്രോയുടെ വലംകൈയായിരുന്നു അര്‍ജന്റീനയില്‍ ജനിച്ച ചെ ഗുവേര. വിപ്ലവ വിജയത്തിന് ശേഷം 1959ല്‍ ക്യൂബ വിട്ടു. പിന്നീട് അയല്‍രാജ്യങ്ങളില്‍ ഒളിപ്പോരിന് നേതൃത്വം നല്‍കി വരികയായിരുന്നു. ബൊളീവിയന്‍ തലസ്ഥാനമായ ലാപാസില്‍ നിന്ന് 830 കിലോമീറ്റര്‍ തെക്കുഭാഗത്തുള്ള ലാഹിഗ്വേര ഗ്രാമത്തില്‍ വച്ചാണ് ചെ ഗുവേരയെ വെടിവെച്ചു കൊന്നത്.
അബദ്ധത്തില്‍ നട്ടെല്ലിന് വെടിയേറ്റ് 1981 മുതല്‍ ചക്രക്കസേരയിലായിരുന്നു ഗാരി പ്രാദോ സാല്‍മണ്‍. 1967ലെ സൈനിക നടപടിയെ കുറിച്ച് ഗാരി പ്രാദോ സാല്‍മണ്‍ പുസ്തകം എഴുതിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സിറിയയെ അറബ് ലീഗിലേക്ക് തിരിച്ചെടുക്കാൻ ധാരണ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ