'എന്റെ മക്കളാണേ സത്യം... എനിക്ക് അവരെ അറിയില്ല'; ലൈം​ഗിക പീഡനക്കേസിൽ ട്രംപ്; അപ്പീൽ നൽകും

കേസിൽ അപ്പീൽ നൽകുമെന്ന് ട്രംപി വ്യക്തമാക്കി
ഡൊണാൾഡ് ട്രംപ്/ ചിത്രം: പിടിഐ
ഡൊണാൾഡ് ട്രംപ്/ ചിത്രം: പിടിഐ

വാഷിങ്‌ടൺ: ജീന്‍ കരോളിനെ മുൻപ് ഒരിക്കലും കണ്ടിട്ടില്ലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കൻ എഴുത്തുകാരി ജീന്‍ കരോളിന്റെ ലൈംഗിക പീഡനക്കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും ജീന്‍ കരോളിനെ പരിചയമില്ലെന്നും ട്രംപ് പറഞ്ഞു.

'എന്റെ മക്കളാണേ സത്യം, ആരോപണം ഉന്നയിക്കുന്ന സ്ത്രീയെ എനിക്ക് അറിയില്ല, അവരെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, അവർ ആരാണെന്ന് ഒരു പിടിയുമില്ല. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്.  കേസിൽ വാദം കേട്ട ജഡ്ജി ഒരു ഭാ​ഗം മാത്രമാണ് കേട്ടത്'. ഇതിനെതിനെ അപ്പീൽ നൽകുമെന്നും ട്രംപ് രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.  

1995-96 കാലഘട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്നായിരുന്നു അമേരിക്കന്‍ എഴുത്തുകാരിയായ ജീന്‍ കരോളിന്റെ പരാതി. മാന്‍ഹട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിനുള്ളില്‍ വെച്ചാണ് ട്രംപ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് കരോളിന്റെ ആരോപണം. സംഭവം നടക്കുന്ന കാലത്ത് ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു.

ഒരിക്കല്‍ തന്റെ പെണ്‍സുഹൃത്തിനായി ഒരു സ്യൂട്ട് തെരഞ്ഞെടുക്കണമെന്ന് മാന്‍ഹട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് ടെലിവിഷൻ അവതാരികയായിരുന്ന തന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് എത്തിയ തന്നെ ഡൊണാള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും കരോള്‍ പറഞ്ഞു. പേടി കാരണമാണ് പൊലീസില്‍ പരാതിപ്പെടാതിരുന്നതെന്ന് കരോള്‍ പറഞ്ഞിരുന്നു.

ലൈംഗിക പീഡനക്കേസിലും മാനനഷ്ടക്കേസിലും ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. വിധിയിൽ സന്തോഷവതിയാണെന്നും ഇത് ലോകം വിശ്വസത്തിലെടുക്കാത്ത എല്ലാ സ്ത്രീകളുടെയും വിജയമാണെന്നും ജീൻ കരോൾ പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com