വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കുറുമക്കറിയും കോളയും മുതൽ കോഴികൾ വരെ; സൈനിക ഉദ്യോ​ഗസ്ഥന്റെ വീട് 'കാലിയാക്കി' ഇമ്രാൻ ഖാൻ അനുയായികൾ; വിഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മുതിർന്ന പട്ടാള ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തുന്ന പിടിഐ പ്രവർത്തകരുടെ ദൃശ്യങ്ങളാണ്

ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ അറസ്റ്റ് രാജ്യവ്യാപക പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. പാകിസ്ഥാൻ തഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പ്രവര്‍ത്തകര്‍ വലിയ രീതിയിലുള്ള അക്രമണങ്ങളാണ് പലസ്ഥലത്തും നടത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മുതിർന്ന പട്ടാള ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തുന്ന പിടിഐ പ്രവർത്തകരുടെ ദൃശ്യങ്ങളാണ്. 

ലഹോറിലെ കോര്‍പ്‌സ് കമാന്‍ഡറുടെ വസതിയില്‍ അതിക്രമിച്ചു കയറിയ ആൾക്കൂട്ടം ഫ്രിഡ്ജിലിരുന്ന കുറുമ മുതൽ ജീവനുള്ള കോഴികളെ വരെ കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അടുക്കളയാണ് പ്രധാനമായും ആക്രമണത്തിന് ഇരയായത്. നിരവധി പേരാണ് അടുക്കളയിലെ സാധനങ്ങൾ കൈക്കലാക്കി വീട്ടിലേക്ക് മടങ്ങിയത്. ഒരാളുടെ കയ്യിലെ സഞ്ചിയിൽ പാകം ചെയത് കുറുമയും കൊക്കോ കോളയുമാണ് ഉണ്ടായിരുന്നത്. അരിഞ്ഞുവെച്ച പച്ചക്കറിയുമായാണ് ഒരു സ്ത്രീ മടങ്ങിയത്. തൈരും സ്ട്രോബറിയുമെല്ലാം പ്രതിഷേധക്കാർ കൈക്കലാക്കി. വീട്ടിലെ കോഴികളെ വരെ എടുത്തുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. 

ഇമ്രാന്‍ ഖാനെ എട്ടു ദിവസത്തേക്ക് അഴിമതിവിരുദ്ധ വിഭാഗമായ എന്‍.എ.ബി.യുടെ (നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ) കസ്റ്റഡിയില്‍ വിട്ടു. പത്തു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് ഇസ്‌ലാമാബാദ് കോടതിയില്‍ എന്‍എബി ആവശ്യപ്പെട്ടിരുന്നതെങ്കിലും എട്ടു ദിവസത്തേക്കാണ് അനുവദിച്ചത്.

അതിനിടെ രാജ്യത്ത് ആക്രമണസംഭവങ്ങൾ വർധിക്കുകയാണ്. റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കുള്ള വഴികളില്‍ ടയറുകള്‍ കത്തിച്ചും കുറ്റിച്ചെടികള്‍ക്ക് തീവെച്ചും നിരവധിയിടങ്ങളിലേക്ക് കല്ലുകളെറിഞ്ഞും പ്രതിഷേധക്കാര്‍ അഴിഞ്ഞാടുകയാണെന്നാണ് റിപ്പോർട്ട്. ഇസ്‌ലാമാബാദ്, ലാഹോര്‍, കറാച്ചി, പെഷവാര്‍ തുടങ്ങിയുള്ള  നഗരങ്ങളിലെല്ലാം കലാപകലുഷിതമായ സ്ഥിതിയാണ്. നേരത്തേ പ്രവർത്തകർ റാവല്‍പിണ്ടിയിലെ സേനാ ആസ്ഥാനത്തേക്ക് ഇരച്ചുകയറുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com