തെരുവില്‍ കിടന്ന് അടിപിടി; തല്ലാൻ വടിക്ക് പകരം പെരുമ്പാമ്പ്- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2023 05:44 PM  |  

Last Updated: 17th May 2023 05:44 PM  |   A+A-   |  

python

പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ പ്രഹരിക്കുന്ന ദൃശ്യം

 

ടൊറന്റോ: കാനഡയില്‍ തെരുവില്‍ അടിപിടി കൂടുന്നതിനിടെ കയ്യിലിരുന്ന പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ ആക്രമിച്ച് യുവാവ്. വഴക്കിനിടെ ലൊറേനിയോ അവില എന്ന യുവാവാണ് എതിരാളിക്ക് നേരെ വളര്‍ത്തു പെരുമ്പാമ്പിനെയെടുത്ത് വീശിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ടൊറന്റോയില്‍ കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ദുന്‍ഡാസ് എന്ന തെരുവിലെ റോഡില്‍ വച്ചാണ് ഇരുവരും വഴക്കിട്ടത്. വഴക്ക് കയ്യാങ്കളിയിലേക്കെത്തിയതോടെ റോഡിനു നടുവിലേക്ക് ഇരുവരുമിറങ്ങി. അതിനിടെയാണ് ലൊറേനിയോ പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ പ്രഹരിക്കാന്‍ തുടങ്ങിയത്. വടി ഉപയോഗിച്ചെന്നപോലെ പാമ്പിനെ എടുത്ത് എതിരാളിയുടെ ശരീരത്തില്‍ തലങ്ങും വിലങ്ങും ഇയാള്‍ പ്രഹരിക്കുകയായിരുന്നു. 

നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസ് വാഹനവും അവിടേക്കെത്തി. പൊലീസുകാര്‍ തൊട്ടടുത്തെത്തുന്നത് വരെ ലൊറേനിയോ പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ ആക്രമിച്ചു കൊണ്ടിരുന്നു.ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ നിന്നിറങ്ങിയതോടെ ഇയാള്‍ പാമ്പിനു മേലുള്ള പിടിവിട്ടു. നിലത്തു വീണ പാമ്പ് സെക്കന്‍ഡുകള്‍കൊണ്ട് രക്ഷപ്പെട്ട് ഇഴഞ്ഞു നീങ്ങുന്നതും വിഡിയോയില്‍ കാണാം. 

ആയുധം ഉപയോഗിച്ചുള്ള ആക്രമണവും മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരതയുമാണ് ലൊറേനിയോയിക്കു മേല്‍ ചുമത്തിരിക്കുന്ന കുറ്റങ്ങള്‍. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

കൂറ്റന്‍ രാജവെമ്പാലയുടെ തലയില്‍ ഉമ്മ വെച്ച് യുവാവ്; നടുങ്ങി സോഷ്യല്‍മീഡിയ- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ