'യുദ്ധം അവസാനിപ്പിക്കാന്‍ പറ്റുന്നതെല്ലാം ചെയ്യും'; സെലന്‍സ്‌കിക്ക് മോദിയുടെ ഉറപ്പ്, ജപ്പാനില്‍ കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി
നരേന്ദ്ര മോദി, സെലന്‍സ്‌കി/ പിഎംഒ ട്വിറ്റര്‍
നരേന്ദ്ര മോദി, സെലന്‍സ്‌കി/ പിഎംഒ ട്വിറ്റര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി. ജപ്പാനിലെ ഹിരോഷിമയില്‍ വെച്ച് നടക്കുന്ന ജി 7 ഉച്ചകോടിയില്‍ വെച്ചാണ് സെലന്‍സ്‌കി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യത്തെ കൂടിക്കാഴ്ചയാണിത്. 

'റഷ്യ-യുക്രെയ്ന്‍ യുദ്ധം ലോകത്തിലെ വലിയ പ്രശ്‌നമാണ്. ഇത് സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്‌നമായി കാണുന്നില്ല. ഇത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും പറ്റുന്നതെല്ലാം ചെയ്യും'- സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി വ്യക്തമാക്കി.

ജപ്പാന്റെ ക്ഷണത്തെ തുടര്‍ന്നാണ് യുക്രൈന്‍ പ്രസിഡന്റും ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ മാസം യുക്രൈന്‍ വിദേശകാര്യ ഉപമന്ത്രി എമീനെ സപറോവ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന വേളയില്‍, സെലന്‍സ്‌കി, പ്രധാനമന്ത്രിക്ക് അയച്ച കത്ത്, വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിക്ക് സപറോവ കൈമാറി.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാനാകൂവെന്നും ഏത് സമാധാന ശ്രമങ്ങള്‍ക്കും ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സെലെന്‍സ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍, ഏത് സമാധാന ശ്രമങ്ങള്‍ക്കും സംഭാവന നല്‍കാന്‍ ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യന്‍ പ്രസിഡന്റ്  പുടിനുമായി മോദി നിരവധി തവണ സംസാരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com