മോദിയുടെ കാല്‍തൊട്ട് വന്ദിച്ച് പാപുവ ന്യൂഗിനിയ പ്രധാനമന്ത്രി; വീഡിയോ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2023 08:23 PM  |  

Last Updated: 21st May 2023 08:28 PM  |   A+A-   |  

modi-papa_new_gunia

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 


ന്യൂഡല്‍ഹി: ഫോറം ഫോര്‍ ഇന്ത്യ-പസഫിക് ഐലന്‍ഡ്‌സ് കോര്‍പറേഷന്‍ (എഫ്ഐപിഐസി) ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാപുവ ന്യൂ ഗിനിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍തൊട്ടു വന്ദിക്കുന്ന പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പാപുവ ന്യൂഗിനിയ രാഷ്ട്രം സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

വിമാനമിറങ്ങിയ നരേന്ദ്ര മോദി, ജെയിംസ് മറാപ്പെയെ കെട്ടിപ്പിടിച്ചു. കൈകോര്‍ത്ത് സംസാരിക്കുന്നതിനിടെ ജെയിംസ് മോദിയുടെ കാല്‍തൊട്ട് വന്ദിച്ചു. ഉടന്‍ മോദി അദ്ദേഹത്തെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും വാരിപ്പുണരുകയും ചെയ്തു. 

സാധാരണ സൂര്യാസ്തമയത്തിന് ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ഒരു നേതാവിനും ആചാരപരമായ വരവേല്‍പ്പ് പാപുവ ന്യൂഗിനിയ നല്‍കാറില്ല. എന്നാല്‍ മോദിയുടെ വരവില്‍ എല്ലാ ആചാരങ്ങളെയും രാജ്യം മാറ്റിവച്ചു. പ്രാദേശിക സമയം രാത്രി 10ന് ശേഷമാണ് മോദി രാജ്യത്ത് എത്തിയത്.

തന്നെ വരവേല്‍ക്കാന്‍ എത്തിയ ജെയിംസ് മാറാപ്പെയ്ക്ക് നന്ദിയുണ്ടെന്നും താനിതെന്നും ഓര്‍ക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. പാപുവ ന്യൂഗിനിയക്കൊപ്പം ഇന്ത്യ ഊഷ്മള ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 19 തോക്കുകളുടെ സല്യൂട്ട്, ഗാര്‍ഡ് ഓഫ് ഓണര്‍, ആചാരപരമായ സ്വീകരണം എന്നിവ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.


ഈ വാര്‍ത്ത കൂടി വായിക്കൂ  'ഒരു ഓട്ടോഗ്രാഫ്..., താങ്കള്‍ ഞങ്ങള്‍ക്ക് വലിയ തലവേദനയാണ്'; മോദിയുടെ ജനപ്രീതിയില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് ബൈഡനും അല്‍ബനീസും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ