വെള്ളത്തിന് വേണ്ടി ഏറ്റുമുട്ടി ഇറാന്‍-താലിബാന്‍ സൈനികര്‍; മൂന്നുപേര്‍ കൊല്ലപ്പെട്ടു (വീഡിയോ)

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാന്‍-താലിബാന്‍ സേനകള്‍ തമ്മില്‍ ഏറ്റുമുട്ടി
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

ഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാന്‍-താലിബാന്‍ സേനകള്‍ തമ്മില്‍ ഏറ്റുമുട്ടി. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഹെല്‍മന്ദ് നദിയിലെ വെള്ളം പങ്കിടുന്നതിനെ കുറിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

ഇറാനിലെ സിസ്ഥാന്‍ ആന്റ് ബലുചിസ്ഥാന്‍ പ്രവിശ്യയും അഫ്ഗാനിലെ നിമ്രോസ് പ്രവിശ്യയും തമ്മിലുള്ള അതിര്‍ത്തിയിലാണ് ശനിയാഴ്ച ഏറ്റുമുട്ടല്‍ നടന്നത്. രണ്ട് ഇറാന്‍ സൈനികരും ഒരു താലിബാന്‍ സൈനികനുമാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

താലിബാനാണ് ആദ്യം ആക്രമണം നടത്തിയത് എന്നാണ് ഇറാന്‍ ഡെപ്യൂട്ടി പൊലീസ് ചീഫ് ജനറല്‍ ഖാസിം റെസായി ആരോപിക്കുന്നത്. താലിബാന്‍ ആക്രമണത്തില്‍ വന്‍തോതിലുള്ള നാശനഷ്ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. 

ഇറാന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണം നടന്നതെന്ന് താലിബാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് അബ്ദുള്‍ നഫി താകോര്‍ ആരോപിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും താലിബാന്‍ അവകാശപ്പെട്ടു. 

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖവറസ്മി പറഞ്ഞു. ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

ഹെല്‍മന്ദ് നദിയിലെ ഇറാനുള്ള അവകാശം ലംഘിക്കരുതെന്ന് ഇറാന്‍ പ്രസിഡന്റഫ് ഇബ്രാഹിം റൈസി താലിബാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. 

അഫ്ഗാനിലെ ഏറ്റവും നീളം കൂടിയ നദിയായ ഹെല്‍മന്ദ്, ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഹമൂം തടാകത്തിലാണ് ചേരുന്നത്. ഈ തടാകമാണ് സിസ്ഥാന്‍ ആന്റ് ബലുചിസ്ഥാന്‍ പ്രവിശ്യയിലെ പ്രധാന ജലസ്രോതസ്സ്. മുപ്പത് വര്‍ഷമായി കടുത്ത വരള്‍ച്ച നേരിടുന്ന ഇറാന്‍, ജല വിഷയത്തില്‍ അഫ്ഗാനുമായി തര്‍ക്കത്തിലാണ്. ഹെല്‍മന്ദ് നദിയില്‍ അഫ്ഗാനിസ്ഥാന്‍ നിരവധി അണക്കെട്ടുകള്‍ നിര്‍മ്മിച്ചത് സിസ്ഥാന്‍ ആന്റ് ബലുചിസ്ഥാന്‍ പ്രവിശ്യയില്‍ വന്‍ വരള്‍ച്ചയ്ക്ക് കാരണമായി എന്നാണ് ഇറാന്‍ ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com