ഡിവോഴ്‌സ് കേസ് പിൻവലിച്ചില്ല; 80കാരനായ ഭർത്താവിന് നേരെ വെടിയുതിർത്ത് ഭാര്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2023 11:48 AM  |  

Last Updated: 24th September 2023 12:00 PM  |   A+A-   |  

us_shooting

ക്രിസ്ടീന പാസ്ക്വലെറ്റോ/ ഫെയ്‌സ്‌ബുക്ക്

 

വാഷിങ്ടൺ: വിവാഹ ബന്ധം വേർപിരിയുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവിന് നേരെ വെടിയുതിർത്ത് ഭാര്യ. സംഭവത്തിൽ 62കാരിയായ ക്രിസ്റ്റീന പാസ്ക്വലെറ്റോയെ പൊലീസ് അറസ്റ്റ് ചെയ്‌തു. അമേരിക്കയിലെ അരിസോണിലാണ് സംഭ‌വം. 80കാരനായ ഭർത്താവ് ഡിവോഴ്‌സ് കേസ് പിൻവലിക്കാതിരുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ക്രിസ്റ്റീന പൊലീസിനോട് പറഞ്ഞു. 

കുടുംബ പ്രശ്‌നത്തെ തുടർന്ന് കുറച്ച് മാസങ്ങളായി ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. സെപ്റ്റംബർ 20ന് രാത്രി ഭർത്താവ് ജോൺ പാസ്ക്വലെറ്റോ താമസിക്കുന്ന പ്രിസ്റ്റോട്ടിലുള്ള വീട്ടിൽ എത്തി ഡിവോഴ്‌സ് കേസിൽ നിന്നും പിൻമാറണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. എന്നാൽ പിൻമാറാതെ വന്നതോടെയാണ് കട്ടിൽ വിശ്രമിക്കുകയായിരുന്ന ഭർത്താവിന് നേരെ വെടിയുതിർത്തതെന്നും ക്രിസ്റ്റീന പറഞ്ഞു. 

ക്രിസ്റ്റീനയെ തട്ടിമാറ്റി അയൽവാസിയുടെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ട വയോധികൻ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ക്രിസ്റ്റീന ഭർത്താവിന്റെ ചെക്കുകൾ മോഷ്ടിച്ചിരുന്നെന്നും 10,000 ഡോളറിന്റെ വ്യാജ ചെക്ക് ഉണ്ടാക്കി പണമാക്കിയെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇവർക്കെതിരെ കൊലപാതക ശ്രമം, വ്യാജ രേഖ ചമക്കൽ, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത് ഫൈവ് ഐസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍; യുഎസ് അംബാസഡര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ