'വിനോദ സഞ്ചാരികളേ ഇങ്ങോട്ട് പോരൂ'; അടുത്ത വര്‍ഷം മുതല്‍ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് റഷ്യ സന്ദര്‍ശിക്കാം

നിലവില്‍, ചൈനയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വിസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കാന്‍ വിസ ഫ്രീ ടൂറിസ്റ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ അനുവാദമുണ്ട്.
റഷ്യയിലെ പ്രശസ്തമായ സെന്റ് ബേസിൽ കത്തീഡ്രൽ
റഷ്യയിലെ പ്രശസ്തമായ സെന്റ് ബേസിൽ കത്തീഡ്രൽ
Updated on

മോസ്‌കോ: ഇന്ത്യയിലെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി വന്‍ പ്രഖ്യാപനവുമായി റഷ്യ. അടുത്ത വര്‍ഷം മുതല്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാം. വിസ നേടുന്നതുമായി ബന്ധപ്പെട്ട ചെലവുകളും മറ്റു തടസങ്ങളും ഒഴിവാക്കി യാത്ര സുഗമമാക്കാന്‍ ഇതുവഴി സാധിക്കും. നിലവില്‍, ചൈനയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വിസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കാന്‍ വിസ ഫ്രീ ടൂറിസ്റ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ അനുവാദമുണ്ട്.

വിസ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഉഭയകക്ഷി കരാറിനെക്കുറിച്ച് ഇക്കഴിഞ്ഞ ജൂണില്‍ റഷ്യയും ഇന്ത്യയും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വിസ രഹിത ഗ്രൂപ് ടൂറിസ്റ്റ് എക്‌സ്‌ചേഞ്ചുകള്‍ അവതരിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.

ബിസിനസ്, ജോലി ആവശ്യങ്ങള്‍ക്കാണ് ഇന്ത്യക്കാര്‍ റഷ്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് നിലവില്‍ റഷ്യ സന്ദര്‍ശിക്കാന്‍ ഇ-വിസ എടുക്കണം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് സാധാരണയായി നാല് ദിവസമെടുക്കും. 2024ന്റെ ആദ്യ പകുതിയില്‍ 28,500 ഇന്ത്യന്‍ സഞ്ചാരികള്‍ മോസ്‌കോ സന്ദര്‍ശിച്ചതായി മോസ്‌കോ സിറ്റി ടൂറിസം കമ്മിറ്റി ചെയര്‍മാന്‍ എവ്ജെനി കോസ്ലോവ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.5 മടങ്ങ് അധികം സന്ദര്‍ശകരാണ് ഇത്തവണയെത്തിയത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് നിലവില്‍ 62 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com