

ടെല്‍ അവീവ്: സിറിയന്‍ അതിര്‍ത്തിയിലെ ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗോലാന്‍ കുന്നുകളോട് ചേര്‍ന്ന ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം നെതന്യാഹു തള്ളുകയായിരുന്നു. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുന്ന മറ്റൊരു ക്രമീകരണം വരുന്നതുവരെ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേല്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള സിറിയയിലെ തന്നെ ഏറ്റവും ഉയരമുള്ള ഹെര്‍മോണ്‍ പര്‍വതത്തിലിരുന്നുകൊണ്ടാണ് നെതന്യാഹുവിന്റെ പ്രസ്താവന. ആദ്യമായാണ് സിറിയയില്‍ ഒരു ഇസ്രയേല്‍ നേതാവ് ഇത്രയും ദൂരം എത്തുന്നത്. 53 വര്‍ഷം മുമ്പ് ഒരു സൈനികനായി താന്‍ ഇതേ പര്‍വത ശിഖരത്തിലായിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു. ബാഷര്‍ അസദിനെ പുറത്താക്കിയതിന് ശേഷം ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തി പ്രദേശത്ത് തെക്കന്‍ സിറിയയുടെ ഒരു ഭാഗം ഇസ്രയേല്‍ പിടിച്ചെടുത്തു. അതേസമയം ബഫര്‍ സോണില്‍ താമസിക്കുന്ന സിറിയക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതിയില്ലെന്നാണ് പേര് വെളിപ്പെടുത്താതെ ഒരു ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
അതേസമയം ഗോലാന്‍ കുന്നുകള്‍ പിടിച്ചെടുത്ത ഇസ്രയേലിന്റെ നീക്കത്തിനെതിരെ ലോക രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. 1974ലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിച്ചുവെന്നും അസദിനെ പുറത്താക്കിയതിനെത്തുടര്‍ന്ന് സിറിയയിലെ അരക്ഷിതാവസ്ഥ മുതലെടുത്ത് ഭൂമി പിടിച്ചെടുക്കുകയുമാണ് ഇസ്രയേല്‍ ചെയ്യുന്നതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍ അസദിനെ പുറത്താക്കുന്നതിന് നേതൃത്വം നല്‍കിയ വിമത ഗ്രൂപ്പായ ഹയാത്ത് തഹ് രിര്‍ അല്‍ ഷാമില്‍ നിന്നോ മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നോ ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. ഗോലാന്‍ കുന്നുകളിലുള്ള ഇസ്രയേലിന്റെ നിയന്ത്രണത്തില്‍ അമേരിക്ക ഇസ്രയേലിനെയാണ് പിന്തുണയ്ക്കുന്നത്.
അതേസമയം അസദിന്റെ ഭരണകാലത്ത് കാണാതായ 30ലധികം സിറിയക്കാരുടെ മൃതദേഹങ്ങള്‍ ഒരു കുഴിമാടത്തില്‍ നിന്ന് കണ്ടെത്തി. ജയിലില്‍ തങ്ങളുടം പ്രിയപ്പെട്ടവരുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു അതുവരെ ബന്ധുക്കള്‍. കണ്ടെടുത്ത ചില മൃതദേഹങ്ങള്‍ തലയില്‍ വെടിയേറ്റതോ കത്തിക്കരിഞ്ഞ നിലയിലോ ആണ്.
സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഖത്തര്‍ ഔദ്യോഗിക എംബസി തുറന്നിട്ടുണ്ട്. 13 വര്‍ഷത്തിന് ശേഷമാണ് ഇവിടെ ഖത്തര്‍ എംബസി തുറക്കുന്നത്. 2011ല്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മിക്ക വിദേശ എംബസികളും പൂട്ടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates