
2024 മനുഷ്യരാശിക്ക് ബഹിരാകാശത്ത് ചരിത്ര മുഹൂര്‍ത്തങ്ങളുടെ വര്‍ഷമായിരുന്നു. റഷ്യയുടെയും നാസയുടെയും ഐഎസ്ആര്‍ഒയുടെയും നേട്ടങ്ങള്‍ക്ക് പുറമേ മസ്‌കിന്റെ സ്‌പേസ് എക്‌സും ചരിത്രം കുറിച്ചു. നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസിനൊപ്പം സ്‌പേസ് എക്‌സിന്റെ നേട്ടങ്ങളും 2024ല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കിയാണ് സ്‌പേസ് എക്‌സ് ചരിത്ര നേട്ടം കുറിച്ചത്.
2024 ജൂണ്‍ അഞ്ചിന് ബോയിങ്ങിന്റെ ബഹിരാകാശ പേടകമായ സ്റ്റാര്‍ലൈനറില്‍ സുനിതാ വില്ല്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് എത്തി. ജൂണ്‍ ഏഴിന് അന്താരാഷ്ട്ര ബഹിരാകാശ നിലയലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ വിക്ഷേപണത്തിനു പിന്നാലെ സ്റ്റാര്‍ലൈനര്‍ പേടകത്തിലുണ്ടായ ഹീലിയം ചോര്‍ച്ച എല്ലാം മാറ്റി മറിച്ചു. ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന ദൗത്യം ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറുകളെ തുടര്‍ന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. 2025 ഫെബ്രുവരിയില്‍ സ്പേസ് എക്സിന്റെ ക്രൂ 9 വഴി വില്‍മോറും വില്യംസും മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നാസ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും (ഐഎസ്എസ്) മറ്റ് താഴ്ന്ന ഭൂമിയുടെ ഭ്രമണപഥ ലക്ഷ്യങ്ങളിലേക്കും ജീവനക്കാരെ എത്തിക്കുന്നതിനായിരുന്നു സ്റ്റാര്‍ലൈനര്‍ രൂപകല്‍പ്പന ചെയ്തത്. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിനെപ്പോലെ ബഹിരാകാശയാത്രികരെ ഐഎസ്എസിലേക്കും പുറത്തേക്കും കൊണ്ടുപോകാന്‍ കഴിവുള്ള രണ്ടാമത്തെ യുഎസ് ബഹിരാകാശ പേടകമായി സ്റ്റാര്‍ലൈനര്‍ മാറാനായിരുന്ന നാസയുടെ ലക്ഷ്യം.
ബഹിരാകാശ വിക്ഷേപണത്തില്‍ ചരിത്ര നേട്ടവുമാണ് ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് ഈ വര്‍ഷം സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കി. സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ അഞ്ചാമത്തെ പരീക്ഷണത്തിലാണു സ്പേസ്എക്സ് നേട്ടം കൈവരിച്ചത്. 121 മീറ്റര്‍ ഉയരമുള്ള സ്റ്റാര്‍ഷിപ്പിന് 100 മുതല്‍ 150 ടണ്‍ വരെ ഭാരമുള്ള വസ്തുക്കള്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകും. ബഹിരാകാശത്തുവച്ച് രണ്ടാം ഘട്ടവുമായി വേര്‍പെട്ട ശേഷം, ഒന്നാം ഭാഗത്തെ ലോഞ്ച്പാഡില്‍ വിജയകരമായി ലാന്‍ഡ് ചെയ്യിക്കുക എന്ന വെല്ലുവിളിയാണ് സ്പേസ്എക്‌സ് മറികടന്നത്. ബഹിരാകാശ വിനോദസഞ്ചാരത്തിനും ബഹിരാകാശത്തുനിന്ന് മടങ്ങുമ്പോള്‍ ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങുന്നതിനും ഈ പരീക്ഷണവിജയം ഗുണകരമാകും.
സ്പേസ് എക്സിന്റെ 'പൊളാരിസ് ഡോണ്‍' വിക്ഷേപണം
ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മനുഷ്യരാശി കൈവരിച്ച വലിയ നേട്ടങ്ങളിലൊന്നാണ് പൊളാരിസ് ഡോണ്‍ ദൗത്യം. സ്വകാര്യ ബഹിരാകാശ യാത്രാ രംഗത്ത് ചരിത്രം കുറിക്കാന്‍ 2024 സെപ്റ്റംബര്‍ 10-ന് ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശകമ്പനിയായ സ്പേസ് എക്സിന്റെ പൊളാരിസ് ഡോണ്‍ വിക്ഷേപിച്ചു. അഞ്ച് ദിവസം ദൈര്‍ഘ്യമുള്ള യാത്രാ ദൗത്യമായിരുന്നു ഇത്. ഷിഫ്റ്റ്4 സിഇഒ ജാരെഡ് ഐസക്മാന് വേണ്ടിയാണ് സ്പേസ് എക്സ് ഈ ദൗത്യം സംഘടിപ്പിച്ചത്. ഐസക്മാനെ കൂടാതെ സ്‌കോട്ട് പൊട്ടീറ്റ്, സാറാ ഗില്ലിസ്, അന്ന മേനോന്‍ എന്നിവരും ദൗത്യത്തിന്റെ ഭാഗമായിരുന്നു. 1972ല്‍ അവസാനിപ്പിച്ച നാസയുടെ അപ്പോളോ ദൗത്യത്തിനു ശേഷം ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്കുള്ള ബഹിരാകാശ യാത്രയാണിത്.
ബഹിരാകാശത്ത് 1000 ദിവസം കഴിയുന്ന ആദ്യവ്യക്തി എന്ന നേട്ടം 2024 ജൂണില്‍ റഷ്യന്‍ കോസ്മോനോട്ട് ഒലെഗ് കൊനോനെങ്കോ സ്വന്തമാക്കി. 59-കാരനായ കൊനോനെങ്കോ തന്റെ അഞ്ചാമത്തെ ദൗത്യത്തിലാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഗെന്നഡി പഡല്‍കയുടെ 878 ദിവസമെന്ന റെക്കോഡ് 2024 ഫെബ്രുവരി നാലിന് കൊനോനെങ്കോ മറികടന്നിരുന്നു. 2008-ലായിരുന്നു കൊനോനെങ്കോ യുടെ ആദ്യ ബഹിരാകാശ യാത്ര. 2023 സെപ്റ്റംബര്‍ 15-ന് ആരംഭിച്ച അഞ്ചാമത്തെ ദൗത്യം 2024 സെപ്റ്റംബര്‍ 23-ന് പൂര്‍ത്തിയായി.
ചാന്ദ്രദൗത്യത്തില്‍ ചരിത്രം കുറിച്ച് ജപ്പാന്‍. ജപ്പാന്‍ എയറോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയുടെ സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ മൂണ്‍ (സ്ലിം) എന്ന പേടകം ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങി. ഏറ്റവും കുറഞ്ഞ സ്ഥലപരിധിക്കുള്ളില്‍ കൃത്യമായി പേടകമിറക്കി എന്നതാണ് സവിശേഷതഇതോടെ ചന്ദ്രനില്‍ പര്യവേഷണ പേടകം ഇറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍ മാറി. പിന്‍പോയിന്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചന്ദ്ര മധ്യരേഖയുടെ തെക്ക് ഭാഗത്തായാണ് പേടകം ഇറങ്ങിയത്. നിലവില്‍ ഇന്ത്യ, അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, എന്നീ രാജ്യങ്ങളാണ് ചന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. സെപ്തംബര്‍ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്.
വ്യാഴത്തിന്റെ ഗലീലിയന്‍ ഉപഗ്രഹമായ യുറോപ്പയെ കുറിച്ച് പഠിക്കാന്‍ 'നാസ' വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകമാണ് യുറോപ്പ ക്ലിപ്പര്‍- 2024 ഒക്ടോബര്‍ 14-ന് ഇത് വിക്ഷേപിച്ചു. ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്‌പെയ്‌സ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം. 2030-ല്‍ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പേടകം എത്തുമെന്നാണ് കരുതുന്നത്. 2.9 ബില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ചശേഷമാകും ഭ്രമണപഥത്തിലെത്തുക. യാത്രാവേഗം കൈവരിക്കുന്നതിനായി ചൊവ്വയ്ക്ക് അരികിലൂടെയും പേടകം കടന്നുപോവും. ഭൂമിക്ക് പുറത്തുള്ള ജീവന്‍ തേടിയാണ് വ്യാഴത്തിന്റെ നാലാമത്തെ വലിയ ഉപഗ്രഹമായ യൂറോപ്പയിലേക്ക് പേടകത്തിന്റെ യാത്ര.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates