വാഷിങ്‌ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപുമാണ് ഏറ്റുമുട്ടുന്നത്. വോട്ടെടുപ്പ് നാളെ പുലർച്ചെ 5.30 വരെ തുടരും. തുടർന്ന് വോട്ടെണ്ണൽ ഉണ്ടാകും. രാവിലെ 10 മണിയോടെ ഫലസൂചനകൾ ലഭ്യമായി തുടങ്ങും.
ഇന്ത്യൻ സമയം ഏതാണ്ട് മൂന്നരയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ന്യൂ ഹാംപ്ഷയറിലെ ആറ് വോട്ടർമാർ മാത്രമുള്ള ചെറുടൗണായ ഡിക്സ്വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
കമല ഹാരിസും ഡോണൾഡ് ട്രംപും മത്സരരംഗത്ത് ഒപ്പത്തിനൊപ്പമാണെങ്കിലും അവസാനഘട്ട സർവേ ഫലങ്ങളിൽ കമല മുന്നിട്ടുനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. മുൻകൂർ വോട്ട് സൗകര്യം ഉപയോഗപ്പെടുത്തി എട്ടു കോടിയിലധികം ആളുകൾ സമ്മതിദാനാവകാശം വിനിയോഗിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ സാധാരണയായി ഫലം പുറത്തുവരാറുണ്ടെങ്കിലും, ഇക്കുറി ഏറെ വൈകുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വീറുറ്റ പോരാട്ടത്തിനാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
ഏഴ് സ്വിങ് സ്റ്റേറ്റുകളാണ് യുഎസ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്. മറ്റ് സ്റ്റേറ്റുകളെല്ലാം തന്നെ പാരമ്പര്യമായി രണ്ടിലൊരു പാര്‍ട്ടിയെ പിന്തുണക്കുന്നവരാണ്. എന്നാല്‍ സ്വിങ് സ്റ്റേറ്റുകളില്‍ ചാഞ്ചാട്ടമുണ്ടാകും. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് സ്വിങ് സ്റ്റേറ്റുകള്‍. ഇവിടെയാണ് പോരാട്ടം.
പെന്‍സില്‍വാനിയ കേന്ദ്രീകരിച്ചായിരുന്നു അവസാനവട്ട പ്രചരണങ്ങള്‍. അവിടെ മാത്രം അഞ്ചോളം റാലികളാണ് ഇരുവരും നടത്തിയത്. ഒരു വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിച്ച് വിജയം ഉറപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക