

കീവ്: റഷ്യ ആദ്യമായി തങ്ങള്‍ക്ക് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതായി യുക്രൈന്‍. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഡിനിപ്രോ നഗരത്തെ ലക്ഷ്യമിട്ട് റഷ്യ ഒറ്റരാത്രികൊണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതായാണ് യുക്രൈന്റെ അവകാശവാദം. ഏത് തരത്തിലുള്ള മിസൈലാണ് തൊടുത്തതെന്ന് വ്യക്തമല്ല. എന്നാല്‍ റഷ്യയുടെ അസ്ട്രാഖാന്‍ മേഖലയില്‍ നിന്നാണ് ഇത് തൊടുത്തതെന്ന് വ്യാഴാഴ്ച ടെലിഗ്രാമില്‍ പ്രസ്താവനയിലൂടെയാണ് യുക്രൈന്‍ വ്യോമസേന അറിയിച്ചത്.
യുക്രൈന്‍ പറയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'RS-26 Rubezh' ആണെന്ന് 'Ukrainska Pravda' മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആംസ് കണ്‍ട്രോള്‍ അസോസിയേഷന്റെ കണക്കനുസരിച്ച്, RS-26 ന് 5,800 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. യുദ്ധക്കളത്തില്‍ റഷ്യയെ സഹായിക്കാന്‍ ഉത്തര കൊറിയന്‍ സൈന്യം എത്തിയതോടെ അന്താരാഷ്ട്ര തലത്തില്‍ യുദ്ധത്തിന് പുതിയ മാനം കൈവന്നതിനിടെയാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുമായി ബന്ധപ്പെട്ട യുക്രൈന്റെ പുതിയ അവകാശവാദം.
ആക്രമണത്തില്‍ രണ്ടു ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കൂടാതെ വ്യാവസായിക കേന്ദ്രത്തിനും വികലാംഗര്‍ക്കുള്ള പുനരധിവാസ കേന്ദ്രത്തിനും കേടുപാടുകള്‍ സംഭവിച്ചതായും യുക്രൈന്‍ അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആണവ പോര്‍മുനകള്‍ വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍. റഷ്യയുടെ ആണവ ശേഷിയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലിന്റെ ഭാഗമായാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates