മെല്‍ബണ്‍: 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം നടപ്പാക്കി ഓസ്‌ട്രേലിയ. ടിക് ടോക്, ഫെയ്‌സ് ബുക്ക്, സ്‌നാപ് ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നിരോധനമേര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ചുള്ള ബില്‍ ഓസ്‌ട്രേലിയന്‍ ജനപ്രതിനിധി സഭ പാസാക്കി.
ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ രക്ഷിതാക്കളുടെ സമ്മതം ഇല്ലാതെ 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ കഴിയില്ല. കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഓസ്‌ട്രേലിയയില്‍ രാജ്യത്ത് നേരത്തെ സജീവമായിരുന്നു. നിയമലംഘനത്തിന് 50 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ ചുമത്തുന്ന ബില്ലിനെ പ്രധാന പാര്‍ട്ടികള്‍ എല്ലാം പിന്തുണച്ചതോടെ സഭ ബില്‍ പാസാക്കുകയായിരുന്നു.
ഈ ആഴ്ച ബില്‍ നിയമമാകുമെങ്കില്‍ പിഴകള്‍ നടപ്പിലാക്കുന്നതിന് മുമ്പ് പ്രായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഒരു വര്‍ഷം സമയം ലഭിക്കും. രാജ്യത്ത് ബില്ലിനെതിരെ സമ്മിശ്ര പ്രതികരണമാണുള്ളത്. പെട്ടെന്നുള്ള നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സോഷ്യല്‍ മീഡിയയുടെ പോസ്റ്റീവ് വശങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും വിമര്‍ശകര്‍ വാദിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക