ബെയ്‌റൂട്ട്: പേജറുകള്‍ക്ക് പിന്നാലെയുണ്ടായ വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ ലെബനനില്‍ മരണം 20 ആയി. 450 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ രണ്ടു ദിവസങ്ങള്‍ക്കിടെ, പേജര്‍, വാക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 3250 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനങ്ങളില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. തീവ്രവാദ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് വാക്കിടോക്കി സ്‌ഫോടനങ്ങളുമുണ്ടാകുന്നത്.
ആക്രമണ പരമ്പരകള്‍ക്ക് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുല്ലയും ലെബനന്‍ സര്‍ക്കാരും ആരോപിച്ചു. ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു. ഗാസ യുദ്ധത്തെത്തുടര്‍ന്ന് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് പേജര്‍- വാക്കിടോക്കി സ്‌ഫോടനങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കിയത്.
യുഎൻ അടിയന്തര യോഗം വിളിച്ചു
ഹിസ്ബുല്ല മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലെബനനിലെ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിട്ടുള്ളത്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക