
വാഷിങ്ടണ്‍: യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള തീരുവ ഇന്ത്യ ഗണ്യമായി കുറയ്ക്കാന്‍ പോവുകയാണെന്നാണ് താന്‍ അറിഞ്ഞതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് പുറമേ മറ്റ് രാജ്യങ്ങളും ഇറക്കുമതിച്ചുങ്കം കുറയ്ക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യ അവരുടെ ഇറക്കുമതിച്ചുങ്കം ഗണ്യമായി കുറയ്ക്കാന്‍ പോവുകയാണെന്ന് കേട്ടതായി ഞാന്‍ മനസിലാക്കുന്നു. എന്തുകൊണ്ട് അവര്‍ക്കിത് നേരത്തേ ചെയ്തുകൂടാ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇന്ത്യയ്ക്ക് പുറമേ മറ്റ് രാജ്യങ്ങളും തീരുവ കുറയ്ക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ വലിയ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ചൊവ്വാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് രംഗത്തെത്തിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും അമേരിക്കയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുകയാണ്. ഈ രാജ്യങ്ങള്‍ വര്‍ഷങ്ങളായി അമേരിക്കയെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
ബുധനാഴ്ച മുതലാണ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം നിലവില്‍വരിക. പകരച്ചുങ്കം ഈടാക്കാന്‍ തുടങ്ങുന്ന ഏപ്രില്‍ രണ്ട് അമേരിക്കയുടെ 'വിമോചനദിന'മായിരിക്കുമെന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. എല്ലാരാജ്യങ്ങള്‍ക്കും തീരുവ ഈടാക്കുമെന്നും എന്താണ് സംഭവിക്കുകയെന്ന് നോക്കട്ടേയെന്നും ട്രംപ് കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക