
ന്യൂയോര്‍ക്ക്: ഹിമാലയം, വന്‍ നഗരങ്ങള്‍, ചെറുപട്ടണങ്ങള്‍.. ബഹികാശത്ത് നിന്ന് കാണുന്ന ഇന്ത്യ അതീവ സുന്ദരമെന്ന് സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒമ്പത് മാസങ്ങള്‍ തങ്ങി തിരികെ ഭൂമിയിലെത്തിയതിന് ശേഷം തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുനിത വില്യംസ് ഇന്ത്യയെ കുറിച്ച് പ്രതികരിച്ചത്.
'ഇന്ത്യ അതിസുന്ദരമാണ്, ഒരോ തവണ ഹിമാലയത്തിന് മുകളിലൂടെ കടന്നുപോകുമ്പോള്‍ തന്റെ സഹയാത്രികന്‍ ബുച്ച് വില്‍മോര്‍ മനോഹരങ്ങളാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. വര്‍ണങ്ങളുടെ മായിക ലോകമാണ് ഇന്ത്യ. കിഴക്കുനിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുമ്പോള്‍ ഗുജറാത്ത് തീരം ആദ്യം ദൃശ്യമാകും. മത്സ്യബന്ധന ബോട്ടുകള്‍ ഒരു പടപോലെ തിരങ്ങളിലുണ്ടാകും. ഇന്ത്യയ്ക്ക് മുകളിലുള്ള രാത്രിയും പകലും അവിസ്മരണീയമാണ്. വന്‍കിട നഗരങ്ങളില്‍ നിന്നും പ്രകാശം ചെറുതായി ഗ്രാമങ്ങളിലേക്ക് നീങ്ങും. ഹിമാലയത്തില്‍ നിന്നും താഴേയ്ക്കുള്ള ഭാഗങ്ങളും അതി സുന്ദരമാണ്.' സുനിത വില്യംസ് വിവരിക്കുന്നു.
തന്റെ പിതാവിന്റെ നാടാണ് ഇന്ത്യ, വീണ്ടും ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു, ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നും സുനിത വില്യംസ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്കുള്ള യാത്രയില്‍ ബഹിരാകാശ സഹയാത്രികരെ കൂടെ കൂട്ടുമോ എന്ന ബുച്ച് വില്‍മോറിന്റെ ചോദ്യവും ഏറെ ശ്രദ്ധേയമായി. തീര്‍ച്ചയായും നിങ്ങള്‍ക്കും കൂടെ വരാം, നിങ്ങള്‍ക്കെല്ലാവര്‍ക്കും എരിവുള്ള ഭക്ഷണം നല്‍കാം, നല്ലതായിരിക്കും. എന്നായിരുന്നു സുനിത വില്യംസിന്റെ മറുപടി.
ഗുജറാത്ത് സ്വദേശിയായ ദീപക് പാണ്ഡ്യയാണ് വില്യംസിന്റെ പിതാവ്. 1958-ല്‍ യുഎസിലെത്തിയ അദ്ദേഹം ഒഹായോയിലെ ക്ലീവ്ലാന്‍ഡില്‍ മെഡിസിനില്‍ ഇന്റേണ്‍ഷിപ്പും റെസിഡന്‍സി പരിശീലനവും നേടിയിരുന്നു. ദീപക്, ഉര്‍സുലിന്‍ ബോണി പാണ്ഡ്യ എന്നിവരുടെ മകളായി ഒഹായോയിലായിരുന്നു സുനിത വില്യംസിന്റെ ജനനം.
ഇന്ത്യന്‍ ബഹികാരാശ ദൗത്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണയറിച്ച സുനിത വില്യംസ് ഇന്ത്യയുടെ മിഷന്‍ പൈലറ്റ് ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം മിഷന്‍ 4 (ആക്‌സ്-4) വാണിജ്യ ബഹിരാകാശയാത്രിക ദൗത്യത്തെക്കുറിച്ചും പരാമര്‍ശിച്ചു. 1984ല്‍ മുന്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനായ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബഹിരാകാശ യാത്രികനാകാന്‍ ഒരുങ്ങുന്ന ശുഭാന്‍ഷു ശുക്ലക്ക് ആശംസ നേരുകയായിരുന്നു സുനിത വില്യംസ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയവും അവിടെ നിന്നുള്ള കാഴ്ചകളും എത്ര മനോഹരമാണെന്ന് പറയാന്‍ കഴിയുന്ന ഒരു ഇന്ത്യന്‍ നായകന്‍ ഉടൻ അവിടെ ഉണ്ടാകും. ദൗത്യത്തിന്റെ ഏതെങ്കിലും ഒരു നിമിഷത്തില്‍ നമുക്ക് കാണം എന്നും സുനിത വില്യംസ് പറഞ്ഞു. ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണ്. ബഹിരാകാശ ദൗത്യങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്ന നാട്. അതില്‍ ഭാഗമാകാനും അവരെ സഹായിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു, എന്നും സുനിത വില്യംസ് വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക