
ഒട്ടാവ: കാനഡയില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റുമരിച്ചു. ഗുജറാത്ത് ബാവ്‌നഗര്‍ സ്വദേശി ധർമ്മേഷ് കതിരേയ ആണ് കൊല്ലപ്പെട്ടത്. വംശീയ വിദ്വേഷമാണ് യുവാവിന് എതിരായ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം നിഷേധിക്കുകയാണ് അധികൃതര്‍. തലസ്ഥാന നഗരമായ ഒട്ടാവയ്ക്ക് സമീപമുള്ള റോക്ക്‌ലന്റഡിലെ തന്റെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ വച്ച് ഏപ്രില്‍ നാലിനാണ് ധർമ്മേഷ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ചയാണ് ധര്‍മേഷിന്റെ മരണ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.
കെട്ടിടത്തിലെ അലക്ക് മുറിയ്ക്ക് സമീപത്ത് വച്ചാണ് ധർമ്മേഷ് ആക്രമിക്കപ്പെട്ടത്. അയല്‍വാസിയും വെളുത്തവര്‍ഗക്കാരനുമായ അറുപതുകാരന്‍ ആണ് ആക്രമണത്തിന് പിന്നില്‍. ഇയാള്‍ നേരത്തെ തന്നെ ഇന്ത്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയാണ് എന്നും ധർമ്മേഷിനും ഭാര്യയ്ക്കും എതിരെ നിരന്തരം വംശീയ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019 ല്‍ വിദ്യാര്‍ത്ഥിയായി കാനഡയില്‍ എത്തിയ ധർമ്മേഷ് നിലവില്‍ റോക്ക്‌ലന്‍ഡിലെ മിലാനോ പിസ ഷോപ്പിലെ ജീവനക്കാരനാണ്.
ആക്രമണത്തിന് പിന്നാലെ അക്രമിയെന്ന് ആരോപിക്കപ്പെടുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് ഒന്റാറിയോ പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം, ഇന്ത്യക്കാരനെതിരായ ആക്രമണത്തില്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അപലപിച്ചു. വിഷയം പരിശോധിച്ച് വരികയാണ് എന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക