
ന്യൂഡല്‍ഹി: 2024ല്‍ കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യ. ജര്‍മ്മനിയെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. കഴിഞ്ഞ വര്‍ഷം കാറ്റാടി, സൗരോര്‍ജ്ജം എന്നിവയിലൂടെ ആഗോള തലത്തില്‍ 15 ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. ഇതില്‍ ഇന്ത്യയുടെ സംഭാവന 10 ശതമാനമാണെന്നും എംബറിന്റെ ഗ്ലോബല്‍ ഇലക്ട്രിസിറ്റി റിവ്യൂ റിപ്പോര്‍ട്ട് പറയുന്നു.
പുനരുപയോഗ ഊര്‍ജ്ജവും ആണവോര്‍ജ്ജവും ഉള്‍പ്പെടെയുള്ള കുറഞ്ഞ കാര്‍ബണ്‍ സ്രോതസ്സുകള്‍ 2024 ല്‍ ലോകത്തിലെ വൈദ്യുതിയുടെ 40.9 ശതമാനം നല്‍കിയതായി റിപ്പോര്‍ട്ട് പറയുന്നു. 1940 കള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇത് 40 ശതമാനം കടന്നത്.
ഇന്ത്യയില്‍ വൈദ്യുതി ഉല്‍പാദനത്തിന്റെ 22 ശതമാനവും ക്ലീന്‍ സ്രോതസ്സുകളാണ്. ഇതില്‍ ജലവൈദ്യുതി 8 ശതമാനമാണ്, കാറ്റിലൂടെയും സൗരോര്‍ജ്ജത്തിലൂടെയും 10 ശതമാനം വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്.
ആഗോളതലത്തില്‍, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ ക്ലീന്‍ ഇലക്ട്രിസിറ്റിയുടെ വര്‍ധനയില്‍ നിര്‍ണായകമായി. 2024 ല്‍ റെക്കോര്‍ഡ് നേട്ടത്തോടെ മണിക്കൂറില്‍ 858 ടെറാവാട്ട് ഉല്‍പ്പാദിപ്പിച്ചു. 2022 ലെ മുന്‍ റെക്കോര്‍ഡിനേക്കാള്‍ 49 ശതമാനം കൂടുതല്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സൗരോര്‍ജ്ജം, ഉല്‍പ്പാദനത്തില്‍ ഏറ്റവും വലിയ സ്രോതസ്സായി, 2024 ല്‍ മണിക്കൂറില്‍ 474 ടെറാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജ്ജത്തിലൂടെ ഉല്‍പ്പാദിപ്പിച്ചത്. ഇതോടെ തുടര്‍ച്ചയായ 20-ാം വര്‍ഷവും ഏറ്റവും വേഗത്തില്‍ വളരുന്ന ഊര്‍ജ്ജ സ്രോതസ്സായി സൗരോര്‍ജ്ജം മാറി.
ഇന്ത്യയിലും സൗരോര്‍ജ്ജത്തില്‍ ദ്രുതഗതിയിലുള്ള വര്‍ധനവ് ഉണ്ടായി. 2024 ല്‍ രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 7 ശതമാനം സൗരോര്‍ജ്ജത്തില്‍ നിന്നാണ്. 2024 ല്‍ ഇന്ത്യ 24 ജിഗാവാട്ട് സൗരോര്‍ജ്ജ ശേഷി കൂട്ടി. ഇതോടെ ചൈനയ്ക്കും യുഎസിനും ശേഷം മൂന്നാമത്തെ വലിയ വിപണിയായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക