
സാന്റോ ഡൊമിങോ: കരീബിയൻ ദ്വീപ് രാഷ്ട്രമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നൈറ്റ് ക്ലബ്ബിന്റെ മേൽക്കൂര തകർന്നു വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. 124 പേർ മരിച്ചതായാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. 150 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഗീതനിശ ആസ്വദിക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
തലസ്ഥാന നഗരമായ സാന്റോ ഡൊമിങോയിലെ ഐതിഹാസികമായ നിശാ ക്ലബായ ‘ജെറ്റ് സെറ്റ് ക്ലബ്ബി’ൽ ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. പ്രശസ്ത ഡൊമിനിക്കൻ ഗായകൻ റൂബി പെരസിന്റെ പരിപാടിക്കിടെയാണ് ദുരന്തം ഉണ്ടായത്. സംഗീതനിശ ആസ്വദിക്കാനെത്തിയവർ നൃത്തം ചെയ്തുകൊണ്ടിരിക്കെ കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞുവീഴുകയായിരുന്നു.
അപകടത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 700 പേർക്കിരിക്കാവുന്ന ക്ലബിൽ, സംഗീത നിശ നടക്കുമ്പോൾ ആയിരത്തോളം പേരുണ്ടായിരുന്നു എന്നാണ് വിവരം. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ‘ജെറ്റ് സെറ്റ്’ ക്ലബിൽ ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക